വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരാകാൻ പറഞ്ഞു; കൂട് നശിപ്പിക്കുന്നതിനിടെ കടന്നൽ കഴുത്തിൽ കുത്തി; യുവാവ് മരിച്ചു

തിരുവനന്തപുരം: കടന്നൽകൂട് നശിപ്പിക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. ബാലരാമപുരത്താണ് സംഭവം. വെടിവച്ചാൻകോവിൽ പുല്ലുവിളാകത്ത് വീട്ടിൽ രതീഷ് (37) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വെടിവച്ചാൻ കോവിലിനു സമീപം ഇഞ്ചക്കര ലേഖയുടെ വീട്ടിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് നശിപ്പിക്കാനാണ് രതീഷ് സുഹൃത്തിനൊപ്പം എത്തിയത്. അതിനിടെയാണ് അപകടം.

ലേഖയുടെ പിതാവ് തങ്കപ്പൻ ആവശ്യപ്പെട്ടിട്ടാണ് രതീഷും സുഹൃത്തും ഇന്നലെ വൈകീട്ടോടെ കടന്നലിനെ നശിപ്പിക്കാനുള്ള പെട്രോളുമായി എത്തിയത്. വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെട്ട ശേഷം കടന്നലിനെ നശിപ്പിക്കാനായി കൂടുള്ള മരച്ചില വെട്ടി താഴേക്കിടുന്നതിനിടെ കടന്നൽ രതീക്ഷിനെ ആക്രമിക്കുകയായിരുന്നു. രതീഷിന്റെ കഴുത്തിനു മുകളിലാണ് കടന്നൽ ആക്രമിച്ചത്.

ഉടൻ തന്നെ രതീഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്നു ഇവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ആശയാണ് രതീഷിന്റെ ഭാര്യ. മക്കൾ: ആദർശ്, അഭിജിത്ത്. സംസ്കാരം നാളെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!