ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച ഒമ്പത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്ര ബഹുമതി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന്റെ ഭീകര ക്യാമ്പുകൾ തകർത്ത യുദ്ധവിമാന പൈലറ്റുമാർ ഉൾപ്പെടെയുള്ളവർക്കാണ് രാജ്യം വീർ ചക്ര ബഹുമതി നൽകി ആദരിക്കുന്നത്. രണ്ട് മുതിർന്ന ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന യുദ്ധകാല വിശിഷ്ട സേവന ബഹുമതിയായ സർവോത്തം യുദ്ധ് സേവാ മെഡലും ലഭിച്ചു.
ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതാ ബഹുമതിയാണ് വീർ ചക്ര. ജിപി ക്യാപ്റ്റൻ രഞ്ജിത് സിംഗ് സിദ്ധു, ജിപി ക്യാപ്റ്റൻ മനീഷ് അറോറ, ജിപി ക്യാപ്റ്റൻ അനിമേഷ് പട്‌നി, ജിപി ക്യാപ്റ്റൻ കുനാൽ കൽറ, വിജി കമാൻഡർ ജോയ് ചന്ദ്ര, സ്ക്വാഡ്രൻ എൽഡിആർ സാർത്ഥക് കുമാർ, സ്ക്വാഡ്രൻ എൽഡിആർ സിദ്ധാന്ത് സിംഗ്, സ്ക്വാഡ്രൻ എൽഡിആർ റിസ്വാൻ മാലിക്, ഫ്ലിന്റ് ലഫ്റ്റനന്റ് ആർഷ്വീർ സിംഗ് താക്കൂർ എന്നിവർക്കാണ് 2025 ലെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വീർ ചക്ര ബഹുമതി ലഭിച്ചത്.
ഇതോടൊപ്പം 26 വ്യോമസേന ഉദ്യോഗസ്ഥർക്ക് വായുസേന മെഡലും ലഭിച്ചു. എസ് -400 ഉം മറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാണ് ധീരതയ്ക്കുള്ള വായുസേന മെഡൽ ലഭിച്ചത്. കൂടാതെ, ആക്രമണങ്ങൾ നടത്തുന്നതിലും ഇന്ത്യൻ വ്യോമാതിർത്തി സംരക്ഷിക്കുന്നതിലും മികച്ച പങ്ക് വഹിച്ചതിന് മറ്റ് 13 ഐഎഎഫ് ഉദ്യോഗസ്ഥർക്കും ‘യുദ്ധ് സേവാ മെഡൽ’ ലഭിച്ചു.
