ആരോഗ്യ മന്ത്രിയും മഞ്ചേരി നഗരസഭാ അധ്യക്ഷയും തമ്മിൽ പൊതുവേദിയിൽ വാക്പോര്…

മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളേജിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജും മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദയും തമ്മിൽ രൂക്ഷമായ വാക്പോര്. മഞ്ചേരിയിലെ മുൻ ജനറൽ ആശുപത്രിയെ ചൊല്ലിയായിരുന്നു തർക്കം.

ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് തന്നെ ആശുപത്രി നഗരസഭയ്ക്ക് കൈമാറിയതാണെന്നും, അതിനാൽ അതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു. ഈ വാദത്തെ സാധൂകരിക്കാനായി കൈമാറ്റം സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് അവർ ഉയർത്തിക്കാട്ടുകയും ചെയ്തു.

മന്ത്രിയുടെ പ്രസംഗം കേട്ട നഗരസഭാ അധ്യക്ഷ വി.എം. സുബൈദ വേദിയിലെ മൈക്കിലൂടെ മന്ത്രിയുടെ വാദങ്ങൾ തള്ളി. മന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും, ആശുപത്രി പൂർണമായി നഗരസഭയ്ക്ക് കൈമാറിയിട്ടില്ലെന്നും അവർ തുറന്നടിച്ചു. ഇതോടെ സദസ്സിൽ നിന്നും കൂവലും കരഘോഷങ്ങളും ഉയർന്നു. ആരോഗ്യ മന്ത്രിയും നഗരസഭാ അധ്യക്ഷയും തമ്മിലുള്ള ഈ വാക്പോര് വേദിയിൽ അല്പനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!