ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ബജ്റംഗ്ദള്‍ ആക്രമണമുണ്ടായതായി പരാതി

ഭുവനേശ്വര്‍ : ഒഡീഷയില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത് കുര്‍ബാനയ്ക്ക് എത്തി തിരിച്ചു പോകവെയെന്ന് ആക്രമണം നേരിട്ട മലയാളി വൈദികന്‍. ഒഡീഷയിലെ ജലേശ്വറിലാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളേയും മലയാളി വൈദികരേയും മര്‍ദിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇടവകയ്ക്ക് കീഴിലുള്ള ഒരു വീട്ടില്‍ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള കുര്‍ബാനയ്ക്ക് പോയി തിരിച്ചു വരവേയാണ് ആക്രമണം നടന്നത്.

ഒമ്പത് മണിയോടെ വണ്ടിയില്‍ തിരിച്ചു വരുന്നതിനിടെ എണ്‍പതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയില്‍ കാത്തുനില്‍ക്കുകയും വാഹനം തടയുകയും ചെയ്തുവെന്ന് ആക്രമണം നേരിട്ട ഫാദര്‍ ലിജോ നിരപ്പേല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്തിനിവിടെ വന്നുവെന്ന് ചോദിച്ചപ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതാണെന്നും കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും അവര്‍ തര്‍ക്കിക്കാന്‍ തുടങ്ങി. കൈ കൊണ്ട് പുറത്തടിച്ചു. ബൈക്ക് നശിപ്പിക്കുകയും എല്ലാവരുടേയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു. വണ്ടിയില്‍ നിന്ന് പുറത്തിറക്കിയാണ് മര്‍ദിച്ചതെന്ന് ഫാദര്‍ പറഞ്ഞു.

രാത്രിയില്‍ എന്തിനാണ് ആദിവാസി കുടുംബങ്ങളുടെ അടുത്ത് വന്നതെന്നും മതപരിവര്‍ത്തനത്തിന് വന്നതല്ലേ എന്നും ചോദിച്ചായിരുന്നു അതിക്രമം. നിങ്ങള്‍ ഇന്ത്യയെ അമേരിക്കയാക്കാന്‍ പോകുകയാണോ ഇപ്പോള്‍ ബിജെപിയാണ് രാജ്യം ഭരിക്കുന്നത് എന്നെല്ലാം പറഞ്ഞ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രോശിച്ചു. പൊലീസ് എത്തിയാണ് തങ്ങളെ ഹൈവേ വരെ എത്തിച്ചതെന്നും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദിക സംഘത്തിന് നേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നതാണെന്ന് സിബിസിഐ അറിയച്ചു. വൈദികര്‍ക്കും സന്യസ്തര്‍ക്കും സുരക്ഷയൊരുക്കണം. ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ആക്രമണത്തിന് പിന്നില്‍ ബജ്റംഗദള്‍ ആണെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സന്‍ റോഡ്രിഗസ് പറഞ്ഞു.

ഒഡീഷയിലെ ജലേശ്വറിലാണ് മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ബജ്റംഗ്ദള്‍ ആക്രമണമുണ്ടായത്. ജലേശ്വര്‍ സെന്റ് തോമസ് ഇടവക വികാരി ഫാ. ലിജോ നിരപ്പേല്‍, ജോഡ ഇടവക വികാരി ഫാ. വി.ജോജോ, സിസ്റ്റര്‍മാരായ എലേസ, മോളി എന്നിവരുള്‍പ്പെടെയുള്ള സംഘത്തിനാണ് ഗംഗാധര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് മര്‍ദനമേറ്റത്. ഫാ. ലിജോ കുറവിലങ്ങാട് സ്വദേശിയും ഫാ. ജോജോ തൃശൂര്‍ സ്വദേശിയുമാണ്. കന്യാസ്ത്രീകള്‍ ആലപ്പുഴ സിസ്റ്റേഴ്‌സ് ഓഫ് ദ് വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളാണ്.

ബജ്‌റംഗ്ദള്‍ നടത്തിയ ആക്രമണത്തിനെതിരെ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആവശ്യപ്പെടാനാണ് പ്രതിക്ഷത്തിന്റെ നീക്കം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഭീഷണി ഉയരുന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!