ലണ്ടൻ: ഇന്ത്യ- ഇംഗ്ലണ്ട് താരങ്ങൾ തമ്മിൽ പരസ്പരം വാക്കുകൾ കൊണ്ടുള്ള ഏറ്റുമുട്ടൽ ടെസ്റ്റ് പരമ്പരയിലുടനീളമുണ്ടായിരുന്നു. നാലാം ദിനത്തിൽ ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റിനെ റിവേഴ്സ് സ്വീപ് കളിക്കാൻ പ്രേരിപ്പിക്കുന്ന യശസ്വി ജയ്സ്വാളും ആ പട്ടികയിലെത്തി. ജയ്സ്വാൾ ഡക്കറ്റിനോടു ഇക്കാര്യം പറയുമ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു.
ഡക്കറ്റ് തിരിച്ചു മറുപടി പറയുന്നുണ്ട്. ഇവരുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. ഇന്ത്യൻ ബൗളർമാരെ ഡക്കറ്റ് കരുതലോടെ നേരിടുന്നതിനിടെയാണ് ജയ്സ്വാളിന്റെ കളിയാക്കൽ.
‘കാണട്ടെ നിങ്ങളുടെ കുറച്ചു ഷോട്ടുകൾ. എനിക്ക് നല്ല ആഗ്രഹമുണ്ട് അതൊക്കെ കാണാൻ. ഇതല്ല ശരിക്കും നിങ്ങളുടെ കളി. സ്വീപും റിവേഴ്സ് സ്വീപുമൊക്കെ കളിച്ചു നോക്കു’- എന്നായിരുന്നു ഇന്ത്യൻ ഓപ്പണർ പറഞ്ഞ്.
‘നീ പറയുന്നതു ഞാനെന്തിനു കേൾക്കണം’- എന്നായിരുന്നു ഡക്കറ്റിന്റെ മറുപടി.
മത്സരത്തിൽ ഇംഗ്ലണ്ടിനായി ഡക്കറ്റ് അർധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. താരം 83 പന്തിൽ 54 റൺസെടുത്തു. 374 റൺസാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ ലക്ഷ്യം വച്ചത്. 35 റൺസ് കൂടി വേണം ആതിഥേയർക്ക് ജയിക്കാൻ. 4 വിക്കറ്റുകൾ അതിനു മുൻപ് വീഴ്ത്തിയാൽ ഇന്ത്യക്കും ജയിക്കാം.
