ആലപ്പുഴ – കോട്ടയം മേഖലകളിൽ കാണാതായ നാല് സ്ത്രീകളുടെ തിരോധാന കേസ്; പ്രതിയുമായി ഇന്ന്  തെളിവെടുപ്പ്…

ആലപ്പുഴ: ആലപ്പുഴ – കോട്ടയം മേഖലകളിൽ കാണാതായ സ്ത്രീകളുടെ തിരോധാനത്തിൽ ദുരൂഹത നീക്കാൻ പൊലിസ്. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും ഇവിടെ പരിശോധന നടത്തും. ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നതാണ് സംശയം. 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ വീണ്ടും പരിശോധിക്കുകയാണ് പൊലീസ്.

2006 ൽ കാണാതായ ബിന്ദു പത്മനാഭൻ, 2012 ൽ കാണാതായ ഐഷ, 2020 ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജൈനമ്മ. ഈ നാല് സ്ത്രീകൾക്കും പിന്നീട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്

കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ, കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടൽ. രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും, ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധന കേസിൽ ഏറെ നിർണയാകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!