കൊച്ചി: ഇത്തവണത്തെ തൃശൂർ പൂരം കലങ്ങിയതിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിര്‍ദേശം. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിർദേശം. പോലീസിന്റെ ഇടപെടൽ മൂലമാണ് പൂരം കലങ്ങിയതെന്നാണ് ആരോപണം ഉയരുന്നത്.
നേരത്തെ, പൂരം കലങ്ങിയതിനു തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനുമാണ് മുഖ്യ പങ്ക് എന്നാരോപിച്ച് കൊച്ചിൻ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നൽകിയിരുന്നു. അതേസമയം പൊലീസിന്റെ ഇടപെടലാണ് പൂരം കലങ്ങാൻ കാരണമായതെന്ന ആരോപണം തിരുവമ്പാടി ദേവസ്വവും ആവർത്തിച്ചിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടെന്നും എന്നാൽ ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും എ ഡി ജി പി അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട് . അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനെയാണ് എഡിജിപി പൂരത്തിന്റെ തിരക്ക് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഏൽപിച്ചത്. അതേസമയം കോടതി നിർദേശങ്ങൾ പാലിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.