വയനാട് ഉരുള്‍പ്പൊട്ടല്‍: പുനരധിവാസ പട്ടികയില്‍ 49 പേരെക്കൂടി ഉള്‍പ്പെടുത്തി…

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പുറത്തായ 49 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ഇവരും വയനാട് ടൗണ്‍ഷിപ്പിന്റെ ഭാഗമാകും.

സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പട്ടികയില്‍ പെടാതെ പോയവരെയാണ് ടൗണ്‍ഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. ’48 പേരെകൂടി പദ്ധതിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഡിഡിഎംഎയുടെ ശുപാര്‍ശ ലഭിച്ചിരുന്നു. ഒരു കേസ് പ്രത്യേകമായും നല്‍കിയിരുന്നു. അങ്ങനെ 49 പേരെ കൂടി ടൗണ്‍ഷിപ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്’ -മന്ത്രി പറഞ്ഞു.

ഗുണഭോക്താക്കളുടെ പട്ടിക നേരത്തെ വലിയ ആക്ഷേപം നേരിട്ടിരുന്നു. ദുരന്തബാധിതര്‍ തന്നെ സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ട സാഹചര്യമുണ്ടായി. ഏറ്റവുമൊടുവില്‍ 402 പേരുടെ പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ 50 മീറ്റര്‍ പരിധിയുടെ സാങ്കേതിക പ്രശ്‌നം കാണിച്ച് പുഞ്ചിരിമട്ടത്തെ ഉള്‍പ്പെടെ നിരവധിപേര്‍ പട്ടികക്ക് പുറത്തായി. ഇതോടെയാണ് സര്‍ക്കാരിനെതിരെ പ്രരിഷേധങ്ങള്‍ നടന്നത്. ജില്ലാ ഭരണകൂടം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതുതായി 49 പേരെ ഉള്‍പ്പെടുത്തിയത്. ഇതോടെ ടൗണ്‍ഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!