ഉപരാഷ്ട്രപതി പദവിയിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ പരിഗണനയില്‍?

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഉയർന്നുകേൾക്കുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിഹാറുമായി ബന്ധപ്പെട്ട ചില നേതാക്കളുടെ പേരുകള്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തിന്റെ മുന്‍ ഗവര്‍ണറും നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും ഉപരാഷ്ട്രപതി പദവിയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രതിയാക്കിയാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് കരസ്ഥമാക്കാനാകും. ഇപ്പോഴും സീറ്റിന്റെ കാര്യത്തില്‍ ബിജെപിയാണ് മുന്നിലെങ്കിലും, സീനിയര്‍ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിസ്ഥാനം നിതീഷിന് നല്‍കുകയായിരുന്നു.

ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാം നാഥ് താക്കൂറിന്റെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭാരതരത്‌ന ജേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി താക്കൂറിന്റെ മകനാണ് രാം നാഥ് താക്കൂര്‍. ജെഡിയു നേതാവും നിലവിലെ രാജ്യസഭാ ഉപാധ്യക്ഷനുമായ ഹരിവംശ് നാരായണ്‍ സിങ്ങിന്റെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ് വി, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ തുടങ്ങിയവരുടെ പേരുകളും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി തിങ്കളാഴ്ച രാത്രി രാജി സമര്‍പ്പിച്ചത്. എന്നാല്‍ ധന്‍കറിന്റെ രാജിക്ക് പിന്നില്‍ മറ്റെന്തോ കാരണമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!