നിമിഷപ്രിയയുടെ മോചനം; യെമനിലേയ്ക്ക് യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തിന് യമനിലേയ്ക്കു പോകാനുള്ള യാത്രാനുമതിക്ക് ആക്ഷന്‍ കൗണ്‍സിലിനോട് കേന്ദ്രത്തെ സമീപിക്കാന്‍ സുപ്രീംകോടതി.

കൗണ്‍സിലിന്റെ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമടങ്ങുന്ന മധ്യസ്ഥ സംഘമാണ് യമനി കുടുംബവുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നത്.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി പ്രത്യേക ആറംഗ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്.    

ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ച വിവരം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു ഇന്ത്യക്കാരനും യെമന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.

ആദ്യ പടി കുടുംബം ക്ഷമിക്കുക എന്നതാണ്, രണ്ടാം ഘട്ടം ബ്ലഡ് മണിയാണ്. ആരെങ്കിലും കുടുംബവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ആര്‍ക്കും പോകാന്‍ കഴിയുന്ന ഒരു രാജ്യമല്ല യെമന്‍. എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനോട് തങ്ങള്‍ നന്ദിയുള്ളവരാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആവശ്യം കേട്ട കോടതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 14 ന് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!