കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റി സ്ഥാപിച്ചത് മാസപ്പടിക്ക് വേണ്ടിയെന്ന് സജി മഞ്ഞക്കടമ്പിൽ


കോട്ടയം: നാഗമ്പടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന് ബലക്ഷയമുണ്ടെന്ന് വരുത്തിതീർത്ത് കോട്ടയത്തെ എംപിമാർക്ക് താല്പര്യമുള്ളയാളിന്റെ കെട്ടിടത്തിലേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റി സ്ഥാപിച്ചത് മാസപ്പടി കൈപ്പറ്റാൻ വേണ്ടിയുള്ള ഗൂഢാലോചനയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

നിലവിൽ പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന് ബലക്ഷയമില്ലെന്നുള്ള സർട്ടിഫിക്കറ്റ് നിലനിൽക്കെ തെറ്റായ പ്രചരണം നടത്തി മാറ്റി സ്ഥാപിച്ചതിൽ ദുരൂഹതയുണ്ടെന്നും സജി പറഞ്ഞു.

ബലക്ഷയം ഇല്ലാത്ത കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് വരുത്തിത്തീർത്ത് മാറ്റുന്നതിന് പകരം നിലവിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന് എന്തെങ്കിലും സൗകര്യ കുറവുണ്ടായിരുന്നെങ്കിൽ അത് ചുണ്ടിക്കാട്ടി പാസ്പോർട്ട് സേവാകേന്ദ്രം മാറ്റണമായിരുന്നു. അക്കാര്യം വെളിപ്പെടുത്തുകയും കഴിഞ്ഞ ഒരു വർഷക്കാലമായി കോട്ടയംകാരെ അലപ്പുഴക്കും, എറണാകുളത്തിനും നടത്തി പീഡിപ്പിക്കാതെ നിലവിലത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടർന്നശേഷം പുതിയ സൗകര്യങ്ങളോടെ മാറ്റുകയായിരുന്നു വേണ്ടിയുരുന്നത്.

എന്നാൽ ബലക്ഷയമെന്ന് വ്യാജ പ്രചരണം നടത്തി കഴിഞ്ഞ ഒരു വർഷമായി കോട്ടയം ജില്ലയിലെ പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം നിർത്തിവയ്പ്പിച്ച് എറണാകുളം ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്ക് ആളുകളെ കഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം കോട്ടയത്തെ ലോക്സഭ എംപി.ക്കും, രാജ്യസഭ എംപിക്കും മാത്രമാണെന്നും സജി ആരോപിച്ചു.

ബലക്ഷയം ഇല്ലാത്ത കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പ്രചരണം കൊടുത്ത് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റാൻ ഗൂഢാലോചന നടത്തിയവർ നിലവിൽ പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചു കൊണ്ടിരുന്നവർ കെട്ടിട ഉടമയോട് മാപ്പ് പറയണമെന്നും സജി ആവശ്യപ്പെട്ടു.

ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കൂടുതൽ സൗകര്യത്തോടുകൂടി കോട്ടയത്ത് പുതിയ പാസ്പോർട്ട് സേവാകേന്ദ്രം പുനസ്ഥാപിക്കാൻ മുൻകൈയെടുത്ത കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സജി പറഞ്ഞു.

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയി ചെട്ടിശേരിൽ, ജേക്കബ് കുര്യാക്കോസ് , കോട്ടയം നിയോജക മണ്ഡലം പ്രസിഡൻറ് എബി പൊന്നാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!