ജമ്മു കശ്മീരില്‍ നാടകീയ സംഭവങ്ങള്‍, വീട്ടുതടങ്കല്‍ മറികടന്ന് രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍ : 1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവര്‍ണറുടെ നടപടിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മതില്‍ ചാടിയത്. മന്ത്രിസഭാംഗങ്ങളുമൊത്ത് രക്തസാക്ഷികളുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയ ഒമര്‍ അബ്ദുള്ളയെയും സംഘത്തെയും പൊലീസ് തടയുകയായിരുന്നു. എന്നാല്‍ ഇതുവകവയ്ക്കാതെ അടച്ചിട്ട ഗേറ്റ് ഒമര്‍ അബ്ദുള്ള ചാടിക്കടന്നു.

1931ല്‍ അന്നത്തെ കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊന്ന ദിവസമാണ് ജൂലൈ 13. അതിന്റെ വാര്‍ഷികാചരണം പാടില്ലെന്ന് അടുത്തിടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉത്തരവിറക്കിയിരുന്നു. ഒമര്‍ അബ്ദുള്ളയയേയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടേയും നിരവധി നേതാക്കന്‍മാരേയും കഴിഞ്ഞ ദിവസം കരുതല്‍ തടങ്കലിലുമാക്കിയിരുന്നു.

മതില്‍ ചാടിക്കടക്കുന്നതിന്റെ വീഡിയോ ഒമര്‍ അബ്ദുള്ള തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. 1931 ജൂലൈ 13-ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഫത്തേഹ അര്‍പ്പിക്കുകയും ചെയ്തു. എന്റെ വഴി തടയാന്‍ ശ്രമിച്ചു, നൗഹട്ട ചൗക്കില്‍ നിന്ന് നടന്നെത്താന്‍ നിര്‍ബന്ധിതനായി. നഖ്ഷ്ബി സാഹിബ് ദര്‍ഗയിലേക്കുള്ള ഗേറ്റ് അവര്‍ അടച്ചതിനാല്‍ മതില്‍ കയറാന്‍ നിര്‍ബന്ധിതനായി. അവര്‍ എന്നെ പിടികൂടാന്‍ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല, ഒമര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!