കോട്ടയം : തിരുവനന്തപുരത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി എംപി പങ്കെടുക്കാത്തത് വിവാദമായി. ഇതിനെ തുടർന്ന് വിശദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തി. മുൻ നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതി നാലാണ് കേന്ദ്രമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കാതിരുന്നതെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിലും നേതൃസംഗമത്തിലും പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി എംപി അതേസമയം കോട്ടയത്ത് നടന്ന സ്വകാര്യ പരിപാടികളിലായിരുന്നു.
കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ബിജെപിയുടെ പ്രധാനപ്പെട്ട പരിപാടിയിൽ നിന്നും വിട്ടുനിന്നത് വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി വിശദീകരിച്ചു.
കഴിഞ്ഞ ദിവസം അമിത് ഷായെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയിരുന്നെങ്കിലും വിമാനം വൈകിയതിനാൽ കോട്ടയത്തേക്ക് തിരിക്കുക ആയിരുന്നെന്നാണ് വിശദീകരണത്തിൽ സുരേഷ് ഗോപി പറയുന്നത്. ഒപ്പം പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് ബിജെപി പരിപാടികളിൽ നിന്നും വിട്ടുനിന്നതെന്ന വാദവും അദ്ദേഹം തള്ളിയിട്ടുണ്ട്. നേതൃത്വത്തിന്റെ അനുമതിയോടെയാണ് മറ്റു പരിപാടികളിൽ പങ്കെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
