പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയുടെ സംവിധാനത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആടുജീവിതം.
ജീവതത്തിന്റെ മരുപ്പച്ച തേടി അറബിനാട്ടിലെത്തി, മരൂഭൂമിയിൽ ഒറ്റപ്പെട്ടുപോയ നജീബിന്റെ യാതനകളുടെ കഥ പറയുന്ന ചിത്രം അണിയറ പ്രവർത്തകരുടെ വർഷങ്ങളുടെ കാത്തിരിപ്പാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ പ്രഭാസാണ് സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. പൃഥ്വിരാജിന്റെ ഗെറ്റപ്പാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം.
പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കഥ പറയാൻ കാത്തിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റർ പങ്കുവെച്ചത്. സംവിധായകൻ ബ്ലെസ്സിയും തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.ഏപ്രിൽ 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.