ജയ്പുർ : നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഫിറ്റ്‌നസ് ട്രെയിനർ നൂപുർ ശിക്രെ ആണ് ഇറയുടെ വരൻ. അമീർ ഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഇറ ഖാൻ.
ആമിർ ഖാനൊപ്പം അദ്ദേഹത്തിന്റെ മുൻ ഭാര്യമാരായ റീന ദത്തയും കിരൺ റാവുവും ഇറയുടെ വിവാഹത്തിൽ പങ്കെടുത്തു. ആമിർ ഖാന്റെ മറ്റു മക്കളായ ജുനൈദ് ഖാനും ആസാദ് ഖാനും വിവാഹ ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംഗീത്, മെഹന്ദി ചടങ്ങുകളും നടന്നിരുന്നു. തൂവെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചായിരുന്നു ഇറ ഖാൻ വിവാഹ വേദിയിലേക്ക് എത്തിയത്.
ഉദയ്പൂരിലെ താജ് ആരവല്ലി പാലസിൽ വച്ച് നടന്ന വിവാഹത്തിൽ ആമീർ ഖാന്റെ മാതാവായ സീനത്തും പങ്കെടുത്തു. ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇറ ഖാൻ നൂപുർ ശിക്രെയെ വിവാഹം കഴിക്കുന്നത്.