തൃശൂർ : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്. ടിഎൻ പ്രതാപൻ എംപിയുടെ പിആർഒ എൻഎസ് അബ്ദുൽ ഹമീദിനെതിരെ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾ പിൻവലിച്ച്, മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് നൽകിയത്.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. അനൂപ് വിആർ മുഖേനെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ സാമൂഹ്യമധ്യത്തിൽ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രൻ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രതാപന് വേണ്ടി ഡൽഹിയിൽ നരേറ്റീവുകളുണ്ടാക്കുന്ന അബ്ദുൽ ഹമീദ് പിഎഫ്ഐക്കാരനാണെന്നായിരുന്നു ആരോപണം. ഡൽഹി കലാപത്തിൽ ഇയാളുടെ പങ്ക് വ്യക്തമാണെന്നും ജാമിയ വിഷയത്തിൽ എൻഐഎ ചോദ്യം ചെയ്ത ആളാണ് ഹമീദെന്നുമായിരുന്നു സുരേന്ദ്രൻ്റെ ആരോപണങ്ങൾ. എന്നാൽ അബ്ദുൽ ഹമീദ് ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു.
കെ സുരേന്ദ്രന് ടിഎൻ പ്രതാപൻ എംപിയുടെ പിആർഒ യുടെ വക്കീൽ നോട്ടീസ്
