ചികിത്സ നിരക്കുകൾ ആശുപത്രികളിൽ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: ഹൈക്കോടതി

കൊച്ചി : ചികിത്സ നിരക്കുകൾ ആശുപത്രികളിൽ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന സുപ്രധാന ഉത്തരവുമായി  ഹൈക്കോടതി.

ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്‍ക്കും കാണാനാവും വിധം ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ്സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവരുടെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍റെ ഉത്തരവ്.

എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതാണ് നിയമം. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിയമത്തിലുള്ളത്.

അതേസമയം, ഫീ നിരക്ക്, പാക്കേജ് നിരക്ക് എന്നിവ നിര്‍വചിച്ചിട്ടില്ലെന്നും അധികൃതര്‍ക്ക് അനിയന്ത്രിതമായ അധികാരമാണ് നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാനാണ് നിയമം പാസാക്കിയതെന്നും ധാര്‍മിക നിലവാരം ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച് സുതാര്യതയ്ക്കുള്ള നടപടിയാണിതെന്നും സര്‍ക്കാര്‍ വാദിച്ചു. അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരമാണ് അധികൃതര്‍ക്ക് നല്‍കുന്നതെന്ന ആരോപണത്തില്‍ ന്യായമല്ലാത്ത നടപടികളൊന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി പറഞ്ഞു.

സേവനത്തിന്‍റെ ഫീസ് നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്നു നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതില്‍ തെറ്റില്ല.ആശുപത്രിയുടെ രജിസ്‌ട്രേഷനടക്കം റദ്ദാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമ്പോള്‍ സേവനം സ്വീകരിക്കുന്നവരില്‍ നിന്നുള്ള പ്രതിനിധികളേയും ഉള്‍പ്പെടുത്താമെന്നും കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!