ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നെത്തിയ ഏക മലയാളി വിദ്യാർഥിനി നാട്ടിലേക്ക് മടങ്ങി, തിരിച്ചെത്തിയത് 310 പേർ

ന്യൂഡൽഹി : ഇറാൻ- ഇസ്രയേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി രാജ്യത്തു തിരിച്ചെത്തിയ സംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നു നാട്ടിലേക്ക് മടങ്ങി. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. ഇന്ന് 5 മണിക്ക് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാ സംഘത്തിനൊപ്പമാണ് ഫാദിലയും എത്തിയത്.

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി 310 ഇന്ത്യക്കാരാണ് രാജ്യത്തു തിരിച്ചെത്തിയത്. ഈ സംഘത്തിലാണ് ഫാദിലയും ഉൾപ്പെട്ടത്. ഇറാനിൽ നിന്നുള്ള വിമാനം ഇന്ന് വൈകീട്ട് 4.30നാണ് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഇതോടെ ഇതുവരെ ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം 827 ആയെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാനിലെ ടെഹ്റാനിലുള്ള ഫാദില ബെഹെഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എംബിബിഎസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്റ്റംബറിലാണ് ഫാദില ഇറാനിൽ മെഡിസിൻ പഠനത്തിനായി എത്തിയത്. പിതാവ് മുഹമ്മദ് കച്ചക്കാരൻ സൗദിയിൽ സിവിൽ എൻജിനീയറാണ്. ഫാദിലയെ സ്വീകരിക്കാൻ പിതാവ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. രാത്രി 8.30നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലേക്ക് മടങ്ങിയത്.

സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നു എത്തുന്ന മലയാളികൾക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്യൂഷേൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

നോർക്ക ഡവലപ്പ്മെൻ്റ് ഓഫീസർ ഷാജിമോൻ ജെ, ലെയ്സൺ ഓഫീസർ, രാഹുൽ കെ ജയ്സ്വർ, പ്രോട്ടോക്കോൾ ഓഫീസർ, റജികുമാർ ആർ, എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു ബി, റസിഡൻ്റ് എൻജിനീയർ ഡെന്നീസ് രാജൻ‌, അസിസ്റ്റന്റ് എൻജിനീയർമാരായ മുനവർ ജുമാൻ സി, ശ്രീഗേഷ് എൻ, നോർക്ക അസിസ്റ്റന്റ് ബിജോ ജോസ്, ലെയ്സൺ ഓഫീസർമാരായ ജയപ്രസാദ് എ, ജിതിൻരാജ് ടി, സച്ചിൻ എസ്, ജയരാജ് പി നായർ, അനൂപ് വി, വിഷ്ണുരാജ് പിആർ, ടെലഫോൺ ഓപ്പറേറ്റർമാരായ സിബി ജോസ്, സുധീഷ് കുമാർ പിഎം, ജയേഷ് ആർ, ബിനോയ് തോമസ് എന്നിവരാണ് പ്രത്യേക ദൗത്യ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!