കാൻസർ രോഗിയായ അമ്മ, പറക്കമുറ്റാത്ത 2 മക്കൾ, പാതിവഴിയിലായ വീട്; രഞ്ജിതയുടെ വിയോഗം ബാക്കിയാക്കുന്നത്…

പത്തനംതിട്ട / അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത നായർ നാട്ടിലെത്തിയത് സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനെന്ന് കുടുംബം. ലണ്ടനിലെ നഴ്സ് ജോലി മതിയാക്കി നാട്ടിൽ തിരികെയെത്തി സർക്കാർ സർവീസിൽ പ്രവേശിക്കാൻ തീരുമാനിച്ചതായിരുന്നു രഞ്ജിത. അതിൻ്റെ നടപടിക്രമത്തിന്റെ ഭാഗമായായാണ് ഒരാഴ്ചത്തെ അവധിയെടുത്ത് നാട്ടിലെത്തിയത് .

രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത. ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും അമ്മയും അനാഥരായത്. വീടിൻ്റെ ഏക പ്രതീക്ഷ ആയിരുന്നു രഞ്ജിത. 2014 ൽ സലാലയിൽ നഴ്സ് ആയി ജോലി തുടങ്ങി.

അതിനിടെ പി.എസ്.സി പഠനം. 2019 ൽ ആരോഗ്യ വകുപ്പിൽ ജോലി കിട്ടി. സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് രഞ്ജിത അവധി എടുത്തു വീണ്ടും വിദേശത്തേക്ക് പോയി. ഏഴുമാസം മുൻപാണ് ലണ്ടനിലേക്ക് മാറിയത്. മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് വീട് പണി തുടങ്ങിയത്.

വീടുപണി പൂർത്തിയായാൽ നാട്ടിൽ തിരികെ എത്തി സർക്കാർ ജോലിയിൽ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. പലപ്പോഴായി എത്തി നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ട് മാസം മുമ്പും വന്നു പോയതാണ്. ചില രേഖകളിൽ സ്വയംസാക്ഷ്യപ്പെടുത്തൽ ആവശ്യമായിരുന്നു.

അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു. ക്യാൻസർ രോഗിയായ അമ്മ തുളസിയും രണ്ട് മകളെയും താമസിച്ചിരുന്ന വീട് നന്നേ ചെറിയതായിരുന്നു. രണ്ട് മുറികളെങ്കിലും പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് അവരെ മാറ്റണമെന്നായിരുന്നു ആഗ്രഹം. 28 ന് പാലുകാച്ചൽ ചടങ്ങ് പോലും തീരുമാനിച്ചു.

ഓണം ആകുമ്പോഴേക്കും തിരികെ എത്തി ഇനിയുള്ള കാലം നാട്ടിൽ ജോലി ചെയ്തു മക്കളോടൊപ്പം കഴിയാം എന്നും രഞ്ജിത ആഗ്രഹിച്ചിരുന്നു. ഇന്നലെ വീട്ടിൽ നിന്ന് പോകുമ്പോഴും ആ സന്തോഷം മക്കളുമായി പങ്കുവെച്ചാണ് ഇറങ്ങിയത്.

ഇന്നലെ ഉച്ചയോടെ വിയോഗ വാർത്തയാണ് കുടുംബത്തെ തേടി എത്തിയത്. പത്താം ക്ലാസിൽ പഠിക്കുകയാണ് രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ. ഏഴാം ക്ലാസിലാണ് മകൾ ഇതിക. വിവാഹമോചിതയായ രഞ്ജിതയ്ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക. അതിനായി സഹോദരൻ അഹമ്മദാബാദിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!