കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ 25 ആണ്ട് പിന്നിടുമ്പോള്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നവര്‍ക്കായി പുതിയൊരു അധ്യായം കൂടി കുറിക്കുകയാണ് സേവാഭാരതി.
ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗകര്യമൊരു ക്കുന്നതിനായി പൂര്‍ത്തിയാക്കിയ ശബരിഗിരീശ സേവാനിലയത്തിന്റെ സമര്‍പ്പണം 15ന് നടക്കും.
ക്യാന്‍സര്‍-കീമോതെറാപ്പി, സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ തുടങ്ങിയവയ്ക്ക് ശേഷം കൂടുതല്‍നാള്‍ ആശുപത്രിയിലോ, അതിന്റെ പരിസരപ്രദേശത്തോ തങ്ങേണ്ടിവരുന്ന വിദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നതിനായി വിഭാവനം ചെയ്തതാണ് ശബരിഗിരീശ സേവാനിലയം.
മെഡിക്കല്‍ കോളജിന് സമീപം ഗാന്ധിനഗര്‍ കെഎസ്ഇബി സബ് സ്റ്റേഷന് എതിര്‍വശത്തായാണ് സേവാനിലയം. 3.5 കോടിയോളം രൂപ ചെലവഴിച്ച് 12000 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 36 മുറികളുണ്ട്. രണ്ട് ബെഡ്ഡുകളുള്ള 30 മുറികളുടെ നിര്‍മാണം പൂര്‍ത്തിയായി. അത്യാധുനിക നിലവാരത്തില്‍ തയ്യാറാക്കിയ അടുക്കളയില്‍ 300 പേര്‍ക്ക് ദിവസവും ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മധ്യതിരുവിതാംകൂറിലെ നാലു ജില്ലകളിലെ രോഗികളുടെ പ്രധാന ആശ്രയമായ കോട്ടയം മെഡിക്കല്‍ കോളജില്‍ സേവാഭാരതി നടത്തിവരുന്ന സേവാ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പ്രഭാതഭക്ഷണ വിതരണം, രക്തദാനം, ആംബുലന്‍സ്, പാലിയേറ്റീവ്, ക്രിമേഷന്‍ സര്‍വ്വീസുകള്‍, ശബരിമല മണ്ഡലകാലത്ത് ഹെല്‍പ്ഡസ്‌ക് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
സേവാഭാരതി നല്കിവരുന്ന സേവനങ്ങള്‍ക്കൊപ്പം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണവും മറ്റ് സേവന പ്രവര്‍ത്തനങ്ങളും നല്കുന്നതിനായി പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപയാണ് ആവശ്യമായിവരുന്നത്.
