സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം; പിന്നാലെ ഹൃദയാഘാതം, യുവാവിന് ദാരുണാന്ത്യം…

പുനലൂർ : സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകനായ മഹേഷ് (36 ) ആണ് മരിച്ചത്.നിര്‍മാണ തൊഴിലാളിയാണ്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.

ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്.രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്തം ശേഖരിച്ചു. പിന്നാലെ യുവാവ് പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ചു.

ഗ്യാസ് ട്രബിള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മഹേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചു. അപകടനില തരണം ചെയ്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മഹേഷ് മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!