കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത, നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വരുംദിവസങ്ങളില്‍ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാൻ സാദ്ധ്യതയുണ്ട്.  30 വരെയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ടും തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

നാളെ മദ്ധ്യ, പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദംകൂടി രൂപപ്പെട്ടേയ്ക്കും. ബുധനാഴ്ച മഴയ്ക്ക് അല്പം ശമനമുണ്ടാകും. വീണ്ടും ശക്തിപ്പെട്ട് 31വരെ തുടരും. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

കനത്ത മഴയില്‍ ഇന്ന് അഞ്ചുപേർ മരിച്ചു. ആലപ്പുഴ ബീച്ചില്‍ ഇരുമ്പ് തട്ടുകട മറിഞ്ഞ് തിരുമല പള്ളാത്തുരുത്തി രതിഭവനില്‍ നിത്യാജോഷി (18) മരിച്ചു. മഴ പെയ്തപ്പോള്‍, അടച്ചിട്ടിരുന്ന തട്ടുകടയ്ക്കരികിലേക്ക് കയറി നില്‍ക്കുന്നതിനിടെയാണ് മറിഞ്ഞത്.

തൃശൂർ വടക്കാഞ്ചേരിയില്‍ കനത്ത മഴയ്ക്കിടെ വീട്ടിലെ ഇരുമ്പ് ഗ്രില്ലില്‍നിന്ന് ഷോക്കേറ്റാണ് തെക്കുംകര പുന്നംപറമ്പ് ഉന്നതിയില്‍ രേണുക (41) മരിച്ചത്. കുട്ടനാട്ടില്‍ ശക്തമായ കാറ്റില്‍ കാല്‍വഴുതി തോട്ടില്‍വീണ് ജലഗതാഗതവകുപ്പ് നെടുമുടി ബോട്ട് സ്റ്റേഷനിലെ ഡ്രൈവർ കൈനകരി സ്വദേശി ഓമനക്കുട്ടൻ (54) മരിച്ചു.

പിറവം പാഴൂരില്‍ ഞായറാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫിന്റെ (38) മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴയില്‍ വീടിന് മുന്നിലെ നടവഴിയില്‍ പൊട്ടിവീണ വൈദ്യുതിലൈൻ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് കിഴക്കേക്കര വീട്ടില്‍ വെള്ളാനി (80) മരിച്ചു. പലയിടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!