ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കും; പാകിസ്ഥാന്റെ ഭീഷണി

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നതിനിടെ, ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍. രാജ്യത്തിനെതിരെ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍, ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള ‘പൂര്‍ണ്ണ ശക്തിയും’ ഉപയോഗിക്കുമെന്ന് റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.

റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജമാലിയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ പ്രദേശത്ത് ഇന്ത്യ സൈനിക ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇസ്ലാമാബാദിന് വിശ്വസനീയമായ ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടുണ്ട്. ‘പാകിസ്ഥാന്റെ ചില പ്രദേശങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചതായി സൂചിപ്പിക്കുന്ന മറ്റ് ചില രേഖകള്‍ ചോര്‍ന്നു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഘര്‍ഷം ആസന്നമാണെന്ന് കരുതുന്നതായി ജമാലി പറഞ്ഞു.

അത്തരമൊരു ആക്രമണമുണ്ടായാല്‍ പാകിസ്ഥാന്‍ ആണവായുധം അടക്കം മുഴുവന്‍ ശക്തിയും പ്രയോഗിക്കും. പാകിസ്ഥാനുമായുള്ള നദീജല കരാര്‍ നിര്‍ത്തിവെച്ച ഇന്ത്യയുടെ നടപടിയേയും ജമാലി വിമര്‍ശിച്ചു. നദീയിലെ വെള്ളം കൈയടക്കാനോ തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും പാകിസ്ഥാനെതിരായ യുദ്ധ നടപടിയായിട്ടാണ് കണക്കാക്കാനാകുക. ഇതിനെതിരെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!