ഛിന്നഗ്രഹം ഭൂമിയെ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.. മുന്നറിയിപ്പുമായി നാസ.. അപകട മേഖലയിൽ ഇന്ത്യയും…

ഛിന്നഗ്രഹം 2024 YR4 ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരാഴ്ചയ്ക്കിടെ 2.2 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി വർദ്ധിച്ച ശേഷമാണ് 3.1 ശതമാനത്തിലേക്കുള്ള വളർച്ച. ഇതോടെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന ബഹിരാകാശ ശിലകളിൽ ഒന്നായി 2024 YR4 മാറിക്കഴിഞ്ഞു.2032 ഡിസംബറിൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയാണ് വർധിച്ചത്.

ഏതാണ്ട് 130 മുതൽ 300 അടി വരെ (40 മുതൽ 90 മീറ്റർ വരെ) വീതിയുള്ള ഈ ഛിന്നഗ്രഹത്തിന്റെ ആഘാത മേഖലയിൽ കിഴക്കൻ പസഫിക്, അറ്റ്ലാന്റിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളും ഇന്ത്യ ഉൾപ്പെടെ ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ കരപ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിൽ ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ വലിയ നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

ഡിസംബർ അവസാനത്തിലാണ് 2024 YR4 എന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കുറവാണെന്ന് തോന്നുമെങ്കിലും, ഇത് സംഭവിച്ചാൽ, ആണവ സ്ഫോടനത്തിന് തുല്യമായ നിലയിൽ 50 കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടമുണ്ടാകും. നാസയുടെ കണക്കുകൂട്ടലുകൾ പ്രകാരം 2032 ഡിസംബർ 22 ന് ഇന്ത്യൻ സമയം രാത്രി 7:32നാണ് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുക. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉൾപ്പെടെയുള്ള നൂതന ദൂരദർശിനികൾ ഉപയോഗിച്ച് നാസയും മറ്റ് ബഹിരാകാശ ഏജൻസികളും ഛിന്നഗ്രഹത്തിന്റെ വലിപ്പം, വേഗത, ആഘാത സാധ്യതാ സ്ഥാനം എന്നിവയെക്കുറിച്ച് കൂടുതൽ നിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!