പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ ഇന്ത്യയില്‍നിന്ന് നാലുപേര്‍, രണ്ടു മലയാളികള്‍…അറിയാം നടപടിക്രമങ്ങള്‍..

വത്തിക്കാൻ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തോടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് ആഗോള കത്തോലിക്കാ സഭ തുടക്കമിടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. ദുഃഖാചരണ കാലയളവിനു ശേഷമാവും കോണ്‍ക്ലേവ് ചേരുക.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 252 കര്‍ദിനാള്‍മാരില്‍ 135 പേര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടിങ് അവകാശം. ഇതില്‍ നാലു പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ്, വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോര്‍ജ് ജേക്കബ് കൂവക്കാട്, ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല, ഗോവ മെട്രൊപൊളിറ്റന്‍ ആര്‍ച്ചബിഷപ്പ് കര്‍ദിനാള്‍ ഫിലിപ് നേരി അന്റോണിയോ സെബാസ്റ്റിയനോ ഡോ റൊസാരിയോ എന്നിവര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള നിയോഗം.

മേജര്‍ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് 80 വയസ്സു കഴിഞ്ഞതിനാല്‍ സിറോ മലബാര്‍ സഭയ്ക്ക് കോണ്‍ക്ലേവില്‍ വോട്ടവകാശം ഉണ്ടാവില്ല. കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചല്ല, സെന്റ് അന്റോണിയോ ഡി പഡോവ ഡീക്കന്‍ എന്ന നിലയിലാവും കോണ്‍ക്ലേവില്‍ പങ്കെടുക്കുക.

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പല്‍ പുകക്കുഴലിലൂടെ വരുന്ന പുകയുടെ നിറമായിരിക്കും പുതിയ പുതിയ പാപ്പയെ തെരഞ്ഞെടുത്തതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കുക. കോണ്‍ക്ലേവ് നടക്കുന്നതിനിടയില്‍ വെളുത്ത പുക പുറത്തുവന്നാല്‍ പുതിയ പാപ്പയെ സംബന്ധിച്ച് കോണ്‍ക്ലേവില്‍ തീരുമാനമായെന്ന് അര്‍ഥം, കറുത്ത പുകയെങ്കില്‍ കര്‍ദിനാള്‍മാര്‍ക്ക് യോജിപ്പിലെത്താന്‍ ആയിട്ടില്ലെന്നും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!