ഇനി മൂക്കു പൊത്തേണ്ട!; ബ്രഹ്മപുരത്തെ മാലിന്യത്തില്‍ നിന്ന് വരുമാനം, വളം ദുബായിലേക്ക്

കൊച്ചി: ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ സംസ്‌കരിക്കുന്ന ജൈവ മാലിന്യത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വളം ദുബായിലേക്ക് കയറ്റി അയക്കുന്നു. ദുബായില്‍ കൃഷിയാവശ്യത്തിനാണ് വളം ഉപയോഗിക്കുക.

ബ്രഹ്മപുരത്തെ ജൈവ മാലിന്യം സംസ്‌കരിക്കാന്‍ കരാര്‍ എടുത്ത ഫാബ്‌കോ ബയോസൈക്കിള്‍ ആണ് ദുബായിലേക്ക് വളം കയറ്റി അയക്കുന്നത്. ആദ്യ ഘട്ടമായി സമ്പുഷ്ട വളത്തിന്റെ മൂന്ന് കണ്ടെയ്‌നറുകള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനിച്ചത്. ‘ദുബായിലേക്ക് വളം കയറ്റുമതി ചെയ്യുന്നതിനായി കാര്‍ഷിക മേഖലയിലെ ഏജന്‍സിയായ റീഫാം ഗ്ലോബലുമായി ഞങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തുടക്കത്തില്‍ മൂന്ന് കണ്ടെയ്‌നറുകള്‍ (ഏകദേശം 72 ടണ്‍) അയയ്ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വരുന്ന ഓരോ ആഴ്ചയും രണ്ട് കണ്ടെയ്‌നര്‍ വളം അയയ്ക്കാനും ലക്ഷ്യമിടുന്നു,’ – ഫാബ്‌കോ ബയോസൈക്കിളിന്റെ ഡയറക്ടര്‍ ലത്തീഫ് പറഞ്ഞു.

പട്ടാള പുഴുക്കളെ (‘ബ്ലാക്ക് സോള്‍ജിയര്‍ ഫ്‌ലൈ’ -ബിഎസ്എഫ്) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് ബ്രഹ്മപുരത്ത് പ്രവര്‍ത്തനക്ഷമമായത് ഏകദേശം ഒന്നര വര്‍ഷം മുമ്പാണ്. പ്രതിദിനം ഏകദേശം 50 ടണ്‍ ജൈവ മാലിന്യങ്ങള്‍ ഈ സൗകര്യത്തില്‍ സംസ്‌കരിക്കുന്നു. ‘ബ്രഹ്മപുരം തീപിടുത്തത്തിനുശേഷം ജൈവ മാലിന്യ സംസ്‌കരണത്തിന് ആശ്രയിച്ചിരുന്ന വിവിധ രീതികളില്‍ ഒന്നായിരുന്നു പട്ടാള പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ മാലിന്യ സംസ്‌കരണം. ഇത് സംസ്ഥാനത്തിന് നേട്ടമാണ്. അത്തരം സംരംഭങ്ങളിലൂടെ മാലിന്യത്തില്‍ നിന്ന് വരുമാനം ഉണ്ടാക്കുക എന്ന ആശയം പ്രചരിപ്പിക്കാന്‍ കഴിഞ്ഞു,’- ഈ സംരംഭത്തെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ എഴുതി.

‘നേരത്തെ പ്രദേശത്തെ തെങ്ങു കര്‍ഷകര്‍ക്കാണ് വളം വിറ്റിരുന്നത്. ദുബായ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ധാരണയാവുകയായിരുന്നു’- അദ്ദേഹം പറഞ്ഞു. 2023 മാര്‍ച്ചില്‍ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന്, ജൈവ മാലിന്യ സംസ്‌കരണത്തിന്റെ ചുമതല സ്ഥാപനത്തിന് നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ദുബായില്‍ നിന്നുള്ള വിദഗ്ധരുടെ ഒരു സംഘം ബ്രഹ്മപുരത്തുള്ള ഫാബ്കോയുടെ നൂതന ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഉല്‍പ്പന്നം കയറ്റുമതി ചെയ്യുന്നതില്‍ ഇരുവിഭാഗവും ധാരണയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!