ഇന്ത്യക്കാരൻ ഉള്‍പ്പെട്ട ആക്സിയോം – 4 ദൗത്യ സംഘം മെയ് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും

ന്യൂഡൽഹി : ഇന്ത്യക്കാരനായ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യ സംഘം മെയ് മാസത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും.

കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശ യാത്രയില്‍ ഇന്ത്യ ഒരു നിര്‍ണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര ബഹിരാകാശ സാങ്കേതിക മന്ത്രി  ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ എട്ട് മാസത്തോളമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്ബനിയായ ആക്‌സിയം സ്‌പേസിലും പരിശീലനം നടത്തിവരികയാണ് ശുക്ല.

ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരിക്കും ആക്സ്-4 വിക്ഷേപിക്കുക. നാല് ബഹിരാകാശ യാത്രികരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. ഇതിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ടിരിക്കുന്നത്. അമേരിക്ക, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് ക്രൂ അംഗങ്ങള്‍.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിലേക്കും ശുഭാന്‍ഷുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന ദൗത്യമായിരിക്കും ഇതെന്ന ശുഭാപ്തി വിശ്വാസം കേന്ദ്ര മന്ത്രി പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാന്‍ഷു ശുക്ല. ആക്സിയോം-4 ദൗത്യം പൂര്‍ത്തിയാകു ന്നതോടെ ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികന്‍ കൂടിയാകും ശുഭാന്‍ഷു ശുക്ല. ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് 40 കാരനായ ശുഭാന്‍ഷു ശുക്ല.

60 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സംഘം യാത്ര തിരിക്കുന്നത്.

അമേരിക്കക്കാരിയായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് യാത്രികര്‍. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ മുന്‍ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണ്‍ ആണ് മിഷന്‍ കമാന്‍ഡര്‍. അവരുടെ രണ്ടാമത്തെ വാണിജ്യ മനുഷ്യ ബഹിരാകാശ യാത്രയാണിത്. 675 ദിവസമാണ് പെഗ്ഗി വിറ്റ്‌സണ്‍ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്. സ്ലാവോസ് ഉസാന്‍സ്‌കി ആയിരിക്കും മിഷന്‍ സ്പെഷ്യലിസ്റ്റ്. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുക്ലയായിരിക്കും ദൗത്യത്തിന്റെ പൈലറ്റ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്സിയം സ്‌പേസ്’ എന്ന സ്വകാര്യ കമ്ബനി നടത്തുന്ന നാലാമത്തെ ബഹിരാകാശ യാത്രയാണിത്. 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച ശേഷമായിരിക്കും ദൗത്യസംഘം മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!