പാലാ: ഏഴാച്ചേരിയില്‍ പെരുംതേനിച്ചക്കൂട് ഇളകി. നാല് ദിവസത്തിനിടെ പതിനൊന്ന് പേര്‍ക്ക് പെരുംതേനിച്ചയുടെ കുത്തേറ്റു. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചികിത്സ തേടി.
ഇന്നലെ രാവിലെയും ഒരാള്‍ക്ക് കുത്തേറ്റു.
ഏഴാച്ചേരി ബാങ്ക് ജങ്ഷനും ചിറ്റേട്ട് എന്‍എസ്എസ് എല്‍പി സ്‌കൂളിനും ഇടയില്‍ തോട്ടുവക്കില്‍ നില്‍ക്കുന്ന മരത്തിലാണ് പെരുംതേനിച്ച കൂടുകൂട്ടിയിരുന്നത്.
ഇതുവഴി ബൈക്കിലും കാല്‍നടയായും സഞ്ചരിച്ചവര്‍ക്കാണ് കുത്തേറ്റത്. ഡിസംബര്‍ 28ന് ഇതുവഴി ബൈക്കില്‍ പോയ വ്യാപാരി ചാലിത്തറയില്‍ സനീഷ്, സുഹൃത്ത് കാവുങ്കല്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കാണ് ആദ്യം കുത്തേറ്റത്. പിന്നീട് വള്ളിക്കാട്ടില്‍ ബിജു, വാണിയിടത്ത് അപ്പുക്കുട്ടന്‍, ഭാര്യ അജിത, വാണിയിടത്ത് ബിബില്‍, തെക്കേപ്പാലറ രാജന്‍, വള്ളിയാങ്കല്‍ റോണി, ചാലിത്തറയില്‍ സാബു, ഇതര സംസ്ഥാന തൊഴിലാളി, ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ എന്നിവര്‍ക്കും പെരുംതേനിച്ചയുടെ കുത്തേറ്റു.
ആക്രമണം വ്യാപകമായതോടെ അധികൃതർ ഇടപെട്ട് കൂട് നശിപ്പിച്ചു.
