ലഖ്‌നൗ : ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ഋഷഭ് പന്ത് ഫോമിലെത്തിയ മത്സരത്തില്‍, ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയുടെ ഫിനിഷിങ് മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. 11 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത ധോനിയുടെയും, 37 പന്തില്‍ 43 റണ്‍സുമായി ഉറച്ച പിന്തുണ നല്‍കിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തിയത്. ആദ്യം ബാറ്റു ചെയ്ത ലക്‌നൗ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 166 റണ്‍സ്. മൂന്ന് പന്ത് ബാക്കി നില്‍ക്കെ ചെന്നൈയുടെ വിജയം അഞ്ച് വിക്കറ്റിനായിരുന്നു.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്ര 22 പന്തില്‍ അഞ്ച് ഫോറുകളോടെ 37 റണ്‍സെടുത്തു. ഓപ്പണറായി ചെന്നൈ പരീക്ഷിച്ച ഷെയ്ഖ് റഷീദ് 19 പന്തില്‍ ആറു ഫോറുകളോടെ 27 റണ്‍സെടുത്തു. രാഹുല്‍ ത്രിപാഠി (ഒന്‍പത്), രവീന്ദ്ര ജഡേജ (ഏഴ്), വിജയ് ശങ്കര്‍ (ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി.
ഓപ്പണിങ് വിക്കറ്റില്‍ 29 പന്തില്‍ 52 റണ്‍സടിച്ചു കൂട്ടിയ ചെന്നൈ ഓപ്പണര്‍മാരായ ഷെയ്ഖ് റഷീദ് രചിന്‍ രവീന്ദ്ര എന്നിവരാണ് ചെന്നൈ വിജയത്തിന് അടിത്തറയിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും, ആറാം വിക്കറ്റില്‍ 27 പന്തില്‍ 57 റണ്‍സടിച്ചുകൂട്ടിയാണ് ധോനി ദുബെ സഖ്യം ചെന്നൈയെ വിജയത്തിലെത്തിച്ചത്.
ടോസ് നേടിയ ചെന്നൈ ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 166റണ്‍സാണ് നേടിയത് അവസാനിച്ചു. 49 ബോളില്‍ 63 റണ്‍സ് നേടിയ നായകന്‍ ഋഷഭ് പന്താണ് ലക്‌നൗ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (30), ആയുഷ് ബദോനി (22), അബ്ദുല്‍ സമദ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ചെന്നെയ്ക്കായി രവീന്ദ്ര ജഡേജ, മതീഷ പതിരാണ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. മതീഷ പതിരാണ എറിഞ്ഞ അവസാന ഓവറില്‍ ലക്‌നൗ നിരയിലെ 3 വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.