കായംകുളം: തേങ്ങയിടാൻ കയറിയ ഇതരസംസ്ഥാനത്തൊഴിലാളി കടന്നൽ കുത്തേറ്റ് തെങ്ങിന്റെ മുകളിൽ കുടുങ്ങി.
കീരിക്കാട് തെക്ക് ഐക്യ ജംഗ്ഷന് സമീപം വെളുത്തേടത്ത് സന്തോഷ് കുമാറിന്റെ പുരയിടത്തിലാണ് സംഭവം. കായംകുളം അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫിസർ സജിത്ത് ലാലിന്റെ നേതൃത്വ ത്തിൽ എത്തിയ സംഘത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ ഷിജൂ റ്റി സാം ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറി തെങ്ങിന്റെ പൊത്തിലെ കടന്നൽ കൂടിന്റെ വാതിൽ തുണി ഉപയോഗിച്ച് മൂടി കെട്ടുകയും വെളിയിൽ ഉണ്ടായിരുന്ന കടന്നൽ കൂട്ടത്തെ ഹിറ്റ് ഉപയോഗിച്ച് തുരത്തുകയും ചെയ്തു.
ശേഷം സഹസികമായി, ചത്തിസ്ഗഡ് സ്വദേശിയായ 21 വയസ്സുള്ള വിക്കി എന്ന വ്യക്തിയെ ലാഡർ ഉപയോഗിച്ചു സുരക്ഷിതമായി താഴെ എത്തിച്ചു. കടന്നലിന്റെ കുത്തേറ്റ ആളിനെ അടുത്തുണ്ടായിരുന്ന വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു.