ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നതിന് നിരോധനം; ജൈവ വളമാക്കി റാന്നി പഞ്ചായത്ത്, സംസ്ഥാനത്ത് ആദ്യം…

പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണത്തില്‍ പുത്തന്‍ ചുവടുവെയ്പാകുകയാണ് പത്തനംതിട്ട ജില്ലയിലെ റാന്നി ഗ്രാമപഞ്ചായത്ത്. ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് നിരോധിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. പകരം ഉണങ്ങിയ ഇലകള്‍ ജൈവവളമാക്കി മാറ്റും.

വായു മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുതോറും കയറി പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ്മ സേന അംഗങ്ങളെ ഉണങ്ങിയ ഇലകള്‍ ചാക്കുകളില്‍ ശേഖരിക്കാന്‍ പഞ്ചായത്ത് ചുമതലപ്പെടുത്തി.

ഉണങ്ങിയ ഇലകള്‍ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഇതിനോടകം 1,000ത്തിലധികം പ്രത്യേകം ചാക്കുകള്‍ വിതരണം ചെയ്തു. ശേഖരിച്ചു കഴിഞ്ഞാല്‍, ഇലകള്‍ വളമാക്കി മാറ്റുന്ന യൂണിറ്റിന് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് പറഞ്ഞു.

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന വിഷാംശം, അവ പതിവായി കത്തിക്കുന്ന സ്ഥലത്തെ ഈര്‍പ്പം നഷ്ടപ്പെടല്‍, മണ്ണിന്റെ ഘടനയിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് പഞ്ചായത്ത് ഈ സംരംഭം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനും ആലോചിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കൊക്കോപീറ്റ് കമ്പോസ്റ്റിന് പകരം

റാന്നിയില്‍ വളപ്രയോഗ യൂണിറ്റ് നടത്തുന്ന കര്‍ഷകനായ സജി എബ്രഹാമിനെയാണ് ഉണങ്ങിയ ഇലകളില്‍ നിന്ന് വളം നിര്‍മ്മിക്കാനുള്ള ചുമതല പഞ്ചായത്ത് ഏല്‍പ്പിച്ചിരിക്കുന്നത്. ഉണങ്ങിയ ഇലകള്‍ക്കൊപ്പം മത്സ്യ മാലിന്യങ്ങളും പ്രാദേശികമായി ലഭിക്കുന്ന മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഴല നിര്‍മ്മാണം.

ഉണങ്ങിയ ഇലകള്‍ കൊണ്ടുള്ള വളം മണ്ണിനെ മൃദുവാക്കുന്നതായും, കൊക്കോപീറ്റ് കമ്പോസ്റ്റിന് തുല്യമായ ഗുണനിലവാരമുള്ളതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ‘ഉണങ്ങിയ ഇല കൊണ്ടുള്ള വളം ‘സക്‌സസ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. ചക്ക അവശിഷ്ടം മുതല്‍ കോഴി വേസ്റ്റ്, ചാണകം എന്നിവയെല്ലാം വളത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!