‘കസബിനെ പോലെ ബിരിയാണി കൊടുത്ത് തീറ്റിപ്പോറ്റരുത്, റാണയ്ക്ക് വധശിക്ഷ ലഭിച്ചാല്‍ ആഘോഷിക്കും’

മുംബൈ: തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചകളില്‍ നിറയുകയാണ് 2008 ലെ മുംബൈ ഭീകരാക്രമണം. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ തഹാവൂര്‍ റാണ വാര്‍ത്തകളില്‍ നിറയുമ്പോള്‍ നടുക്കുന്ന ഓര്‍മകളിലേക്ക് തിരിച്ച് നടക്കുകയാണ് മുംബൈ നിവാസികള്‍. ഭീകരാക്രമണത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ച മൂഹമ്മദ് തൗഫീക്കിന്റെ പ്രതികരണം ഇതിന് ഉദാഹരണമാണ്. മുംബൈ ഛത്രപതി ശിവജി ടെല്‍മിനസ് റെയില്‍വെ സ്റ്റേഷനിലെ ടീസ്റ്റാള്‍ ഉടമയാണ് മുഹമ്മദ് തൗഫീക്ക്.

വര്‍ഷങ്ങള്‍ക്കിപ്പുറം തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഭീകരാക്രമണ കേസില്‍ ശക്തമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് തൗഫീക്ക്. ചികിത്സ സുരക്ഷ എന്നിവയുടെ പേരില്‍ തഹാവൂര്‍ റാണയ്ക്ക് പ്രത്യേക പരിഗണന നല്‍കരുത്. പ്രത്യേക സെല്ലും, കഴിക്കാന്‍ ബിരിയാണിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്ന നിലയുണ്ടാവരുത്. റാണയ്ക്ക വധശിക്ഷ നല്‍കണം എന്നും തൗഫീക്ക് ആവശ്യപ്പെടുന്നു.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിക്കപ്പെട്ട അജ്മല്‍ കസബ് ജയില്‍ വാസകാലത്ത് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഓര്‍ത്തെടുത്താണ് തൗഫീക്കിന്റെ പ്രതികരണം. എന്നാല്‍, കസബ് അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല എന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറയുന്നു. കസബിന് അനുകൂലമായി ഒരു ജനവികാരം രൂപം കൊള്ളുന്നത് തടയുന്നതിനായിട്ടായിരുന്നു ഇത്തരം ഒരു പ്രചാരണം എന്നും ഉജ്ജ്വല്‍ നികം പറയുന്നു. കസബ് ജയിലില്‍ ബിരിയാണി ആവശ്യപ്പെട്ടിരുന്നില്ലെന്നും സര്‍ക്കാര്‍ ഇത് നല്‍കിയിട്ടില്ലെന്നും ഉജ്ജ്വല്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ എത്തിച്ചാല്‍, സാധ്യമാകും വേഗത്തില്‍ റാണയെ തൂക്കിലേറ്റണം എന്നും തൗഫീക്ക് പറയുന്നു. ”ആരെങ്കിലും റാണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ശിക്ഷ നടപ്പാക്കണം. റാണയ്ക്ക് വധശിക്ഷ ലഭിച്ചാല്‍ അത് താന്‍ ആഘോഷിക്കും. സര്‍ക്കാര്‍ ഇരകള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്, പക്ഷേ പണത്തിന് ആരുടെയും ജീവന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.” റെയില്‍വെ സ്റ്റേഷനില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ നിരവധി പേരെ സുരക്ഷിതരാക്കി രക്ഷപ്പെടുത്തിയ വ്യക്തികൂടിയാണ് ചോട്ടു ചായ് വാല എന്നറിയപ്പെടുന്ന തൗഫീക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!