കണ്ണൂർ: പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിച്ച് കൊടും ക്രൂരത. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് വനം വകുപ്പ് നടപടി സ്വീകരിച്ചു. കണ്ണൂർ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മംഗലാംകുന്ന് ഗണേശൻ എന്ന ആനയോടാണ് ക്രൂരത.
ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടും എഴുന്നള്ളിക്കുകയായിരുന്നു. ആനയുടെ കാലിനും പരിക്കുണ്ട്. ഇത്രയും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടും മൂന്നു കിലോമീറ്ററോളം ദൂരമാണ് ആനയെ നടത്തിയത്. പുറത്തു വന്ന ദൃശ്യങ്ങളിൽ ആന നടക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നത് കാണാം.
ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ ഉപയോഗിക്കരുതെന്ന് നിയമം കാറ്റിൽ പറത്തിയാണ് എഴുന്നള്ളിച്ചത്. ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ഇതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. കരി ഉപയോഗിച്ചു മുറിവ് മറച്ചു വയ്ക്കാൻ പാപ്പാന്മാർ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു.
വനം വകുപ്പ് സോഷ്യൽ ഫോറസ്റ്ററി ഓഫീസർ രതീശൻ്റെ നേതൃത്വത്തിലാണ് ആനയെ പരിശോധിച്ചു അടിയന്തിര ചികിത്സ നൽകാൻ നിർദ്ദേശിച്ചത്. ഇതിനു ശേഷം ആനയെ പാലക്കാട് സുരക്ഷിതമായി എത്തിക്കാനും വനം വകുപ്പ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നു ആന പ്രേമികളുടെ സംഘടന ആവശ്യപ്പെട്ടു. തുടർന്ന് ആനയെ എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കുകയായിരുന്നു.
2013 ലെ നാട്ടാന പരിപാലന ചട്ടപ്രകാരം ആനയെ ഉത്സവത്തിന് എഴുന്നെള്ളിക്കുമ്പോൾ 72 മണിക്കൂർ മുൻപെ വനം വകുപ്പ് ഉദ്യേഗസ്ഥര്യം വെറ്റിനറി ഡോക്ടർമാരും പരിശോധിക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ഇവിടെ ആനയെ എത്തിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കക്കാട് ദേശവാസികളുടെ കാഴ്ച്ച വരവിൻ്റെ സമയത്ത് എഴുന്നള്ളിക്കാനാണ് പാലക്കാട് നിന്ന് മംഗലാംകുന്ന് ഗണേശനെന്ന ആനയെ കൊണ്ടുവന്നത്.