നാല് ഗ്രഹങ്ങൾ ചന്ദ്രനുമായി നേർരേഖയിൽ വരുന്ന അപൂർവ ആകാശ കാഴ്ച്ച.. ചൊവ്വയെ നഗ്ന നേത്രങ്ങൾ കൊണ്ട് ദർശിക്കാം.. അപൂർവ്വ കാഴ്ച ഈ രാജ്യത്തുള്ളവർക്ക് മാത്രം..

ഖത്തർ : ഏപ്രിൽ മാസത്തിൽ അത്യപൂർവ്വ ആകാശക്കാഴ്ച ദർശിക്കാൻ ഖത്തർ നിവാസികൾക്ക് അവസരം. നാല് ഗ്രഹങ്ങൾ ചന്ദ്രനുമായി നേർരേഖയിൽ വരുന്ന അപൂർവ ആകാശ കാഴ്ച്ച ഖത്തറിൽ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. വൈകുന്നേരങ്ങളിൽ ഖത്തറിന്റെ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ചൊവ്വയെ കാണാൻ കഴിയും. ഈ കാലയളവിൽ പുലർച്ചെ ശുക്രൻ, ശനി, ബുധൻ എന്നിവയെയും ആകാശത്ത് കാണാനാകുമെന്നും കലണ്ടർ ഹൗസ് അറിയിച്ചു.

ഏപ്രിൽ അഞ്ച് ശനിയാഴ്ച വൈകീട്ട് ചൊവ്വ ഗ്രഹം ചന്ദ്രനോട് ഏറ്റവും അടുത്തായിരുന്നു. തെക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ നഗ്നനേത്രങ്ങൾകൊണ്ട് ചൊവ്വയെയും ചന്ദ്രനെയും ഒരുമിച്ച് കാണാൻ കഴിയുമായിരുന്നു. സൂര്യാസ്തമയത്തിനുശേഷം വൈകീട്ട് 5.53 മുതൽ അടുത്ത ദിവസം പുലർച്ചെ 1.18 വരെ ആയിരുന്നു ഈ കാഴ്ച. ഏപ്രിൽ 25 വെള്ളിയാഴ്ച പുലർച്ചെ ശുക്രനും ശനിയും ചന്ദ്രന് സമീപമെത്തും. ഈ സമയം ശുക്രന്റെയും ശനിയുടെയും ഇടയിലായിരിക്കും ചന്ദ്രൻ. കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ വിന്യാസം നിരീക്ഷിക്കാൻ കഴിയും. പുലർച്ചെ 3.17 മുതൽ സുര്യോദയത്തിന് തൊട്ടുമുമ്പ് വരെ ഈ ദൃശ്യം സാധ്യമാകും.

ഏപ്രിൽ 26 ശനിയാഴ്ച രാവിലെ ബുധൻ ചന്ദ്രനുമായി നേർരേഖയിലെത്തും. കിഴക്കൻ ചക്രവാളത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് ബുധനെയും ചന്ദ്രനെയും കാണാൻ കഴിയും. പ്രകാശം കുറഞ്ഞതും അന്തരീക്ഷ മലിനീകരണം ഇല്ലാത്തതുമായ സ്ഥലങ്ങളിലായിരിക്കും ഇവ നന്നായി ദൃശ്യമാവുക. ഈ ഗ്രഹ വിന്യാസം ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നും ഭൂമിയെ ബാധിക്കില്ലെന്നും ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!