തൃശൂര്‍: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റി ജില്ലാ ഭരണകൂടത്തിന് വെടിക്കെട്ടിന്റെ അനുമതിക്ക് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കമ്മിറ്റിയുടെ വാദം കേട്ട ഹൈക്കോടതി തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിനോട് ആറാട്ടുപുഴ പൂരത്തിന്റെ കരിമരുന്ന് പ്രയോഗത്തിന് അനുമതി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഏപ്രില്‍ 3, 8, 9 തിയ്യതികളില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗത്തിനാണ് ഹൈക്കോടതി അനുമതി.
ചമയ നിറവില്‍ ആറാട്ടുപുഴ ക്ഷേത്രം
ആറാട്ടുപുഴ പൂരത്തിന്റെ കൊടിയേറ്റം നാളെ നടക്കും. ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഭക്തര്‍ സമര്‍പ്പിച്ചു. പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയില്‍ വൈകുന്നേരം 5 മുതലാണ് ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങിയത്.
വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍ പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകള്‍, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം, തിരുവുടയാട, ഓണപ്പുടവകള്‍, നെയ്യ്, കൈപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയാണ് ശാസ്താവിന് സമര്‍പ്പിച്ചത്.
കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിര്‍മ്മിച്ചത് . സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നല്‍ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതില്‍ പെരിങ്ങാവ് രാജനും വിവിധ തരം വിളക്കുകള്‍, 1 നാഴികള്‍ എന്നിവ പോളിഷിങ്ങില്‍ ഇരിങ്ങാലക്കുട ബെല്‍വിക്‌സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു. ആലവട്ടം, ചാമരം എന്നിവ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറാണ് ഒരുക്കിയത്.