ഇന്‍സ്റ്റയിലൂടെ പെണ്‍കുട്ടിക്ക് ‘ഹായ്’; യുവാവിന് ക്രൂര മര്‍ദനം, സംഘത്തിലുണ്ടായിരുന്നത് ആറ് പേര്‍

ആലപ്പുഴ : വിവിധ കേസുകളില്‍ പ്രതിയായ ആളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ‘ഹായ്’ മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍വെച്ച് ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വടുതലജെട്ടി തെക്കേകണിച്ചുകാട്ടില്‍ വീട്ടില്‍ ജിബിന്‍ ജോര്‍ജിനാണ് (29) മര്‍ദനമേറ്റത്.

ജിബിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശിയായ പ്രഭജിത്ത്, സിന്തല്‍ കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരേ പൂച്ചാക്കല്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്.

21 ന് രാവിലെ 11 മണിയോടെയാണ് സംഭവം. അരൂക്കുറ്റി- അരൂര്‍ പാലത്തിന്റെ ഇറക്കത്തില്‍ സ്‌കൂട്ടറിലിരുന്ന് ജിബിന്‍ മൊബൈല്‍ ഫോണ്‍ നോക്കുന്ന സമയത്ത് പ്രഭജിത്തും സിന്തലും വന്നിറങ്ങി. പ്രഭജിത്തിന്റെ സുഹൃത്തായ പെണ്‍കുട്ടിക്ക് ജിബിന്‍ മെസേജ് അയച്ചതറിഞ്ഞാണ് ഇരുവരും എത്തിയത്. അതിലൊരാള്‍ ജിബിന്റെ കരണത്തടിക്കുകയും സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് അതേ സ്‌കൂട്ടറില്‍ ജിബിനെ ബലമായി പിടിച്ചു നടുവിലിരുത്തി ഇരുവരും സ്‌കൂട്ടര്‍ ഓടിച്ചുപോയി.

പോയവഴി വണ്ടി നിര്‍ത്തി മര്‍ദനം തുടങ്ങി. അരൂക്കുറ്റി കളരിക്കല്‍ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മര്‍ദനം തുടര്‍ന്നു. നാല് പേര്‍ കൂടി അവിടേയ്ക്ക് എത്തിയിരുന്നു. എല്ലാവരും ചേര്‍ന്നായിരുന്നു മര്‍ദനം. ജിബിന്റെ കൈകള്‍ പിന്നോട്ട് വലിച്ച് പിടിച്ച് അടിച്ചു. കൂടാതെ കഴുത്തില്‍ കയര്‍ കുരുക്കി മുറുക്കി. പൊലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പോയത്.

പിറ്റേദിവസമാണ് ജിബിന്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്. വടി, മരക്കഷ്ണം, പത്തല്‍ എന്നിവ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് ജിബിന്റെ മൊഴി. പ്രതികള്‍ ജിബിന്റെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടുണ്ട്. തിങ്കളാഴ്ചയാണ് മര്‍ദന വിവരം പുറത്തു വന്നത്. പെണ്‍കുട്ടിയെ ജിബിന് നേരത്തെ പരിചയമുണ്ടെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ പ്രഭജിത്ത് മറ്റുപല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമം, തടങ്കലില്‍ പാര്‍പ്പിച്ചുള്ള മര്‍ദനം, കൂട്ടംചേര്‍ന്നുള്ള ആക്രമണം, തുടങ്ങിയവയ്ക്കാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!