അഴിമതിക്കാരുടെ പട്ടികയില്‍ നൂറിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍; വിജിലന്‍സിന്റെ ‘ക്ലോസ് വാച്ച്’

കൊച്ചി:  അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി എറണാകുളം ജില്ലാ വിജിലന്‍സ് സ്‌ക്വാഡ്. സര്‍ക്കാര്‍ ഓഫീസിലെ അഴിമതിവീരന്‍മാരെ കണ്ടെത്തുന്നതിനായി സാമൂഹ്യപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് എസ്പി എസ് ശശിധരന്‍ പറഞ്ഞു.

അഴിമതിക്കാരെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നൂറിലധികം പേരുണ്ടെന്ന് വിജിലന്‍സ് എസ്പി എസ് ശശിധരന്‍ പറഞ്ഞു. ‘ഈ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗവും തദ്ദേശ സ്വയംഭരണം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, എക്സൈസ് വകുപ്പുകളില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരും കൊച്ചിയില്‍ പിടിക്കപ്പെട്ട റീജിയണല്‍  ട്രാന്‍സ്പോര്‍ട്ട് ഓഫീസറും ഞങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു,’ ശശിധരന്‍ പറഞ്ഞു.

വകുപ്പുകളില്‍ നിന്ന് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ‘പട്ടികയില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, അവരുടെ സാമ്പത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് അഴിമതി ഇല്ലാതാക്കുക, പൗരന്മാര്‍ക്ക് സേവനങ്ങള്‍  ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം,’ എസ്പി പറഞ്ഞു.

2021 മുതല്‍, ജില്ലയിലെ 44 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായ മറ്റൊരു വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എട്ടുപേരും ഉള്‍പ്പെടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനിടെ ഏഴ് ജീവനക്കാരാണ് അറസ്റ്റിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെതില്‍ നിന്നും വ്യത്യസ്തമായി അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അഴിമതിക്കേസുകളില്‍ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതും കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന വിജിലന്‍സ് നടപടികളും ഇതിന് കാരണമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 98 പേരാണ് കൈകക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!