കൊല്ലം : മറ്റൊരാളുമായി ഫെബിന്‍റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചതാണ് തേജസിനെ കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് എഫ്ഐആർ. ഫെബിൻ്റെ സഹോദരിയും തേജസും കൊല്ലം ക്രിസ്തു രാജ സ്കൂളിൽ പ്ലസ് ടുവിന് ഒന്നിച്ചാണ് പഠിച്ചത്. കൊവിഡ് കാലത്ത് പെൺകുട്ടി തേജസിനെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു. തേജസുമായുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാരാണ് ആദ്യം അറിഞ്ഞത്. മറ്റൊരു മതത്തിൽപെട്ട ആളെ വിവാഹം കഴിക്കുമോ എന്ന് ഫെബിന്റെ മാതാവ് പെൺകുട്ടിയോട് ചോദിച്ചിരുന്നു.
പെൺകുട്ടി പറഞ്ഞതനുസരിച്ച് തേജസും ബന്ധം വീട്ടിൽ പറഞ്ഞിരുന്നു. വിവാഹത്തിന് രണ്ട് വീട്ടുകാരും സമ്മതിച്ചിരുന്നതാണ്. പെൺകുട്ടിക്ക് ബാങ്കിൽ ജോലി കിട്ടി. തേജസ് പൊലീസ് ഫിസിക്കൽ ടെസ്റ്റ് പരാജയപ്പെട്ടു. ഇതോടെ പെൺകുട്ടി തേജസിൽ നിന്ന് അകന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ഫോൺ വിളിച്ചിട്ട് എടുക്കാത്തത് വിഷമമുണ്ടാക്കി. മാർച്ച് 9-ന് എറണാകുളം സ്വദേശിയുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചു. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചത് കൊലപാതകത്തിന് കാരണമായെന്ന് എഫ്ഐആറിലുണ്ട്.