ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.

‌ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്.

ആശാ പ്രവർത്തകരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. കമ്മറ്റിയുടെ റിപ്പോർട്ട് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു.

റിപ്പോർട്ട് സർക്കാർ പരിശോധിച്ചെന്നും റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇത് പ്രകാരമാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.

നിലവിൽ 7000 രൂപയാണ് ആശമാർക്ക് ഓണറേറിയമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇത് ലഭിക്കുന്നതിനുള്ള 10 മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം പൂർത്തികരിച്ചാലാണ് തുക ലഭിച്ചിരുന്നത്.

എന്നാൽ ഇനി മുതൽ ഓണറേറിയം ലഭിക്കുന്നതിന് ഇത്തരം മാനദണ്ഡങ്ങൾ ഉണ്ടാകില്ല. നിശ്ചിത ഇൻസെന്റീവിലും നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.

ഇൻസെന്റീവ് ഓണറേറിയം വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും ആശാ പ്രവർത്തകർ പരാതി സമർപ്പിച്ചിരുന്നു. ഓണറേറിയം, ഇന്‍സെന്‍റീവ് മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് വന്നതും ആശമാർ സമരപന്തലിൽ വിജയാഹ്ളാദം മുഴക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!