കോട്ടയം : മലങ്കരസഭയിലെ സമാധാനത്തിന് വിള്ളൽ വീഴ്ത്തുന്ന നീക്കമാണ് ഈ മാസം ലബനോനിൽ നടക്കുമെന്ന് പറയപ്പെടുന്ന ബദൽ കാതോലിക്കാ വാഴിക്കൽ ചടങ്ങ് എന്ന് മലങ്കര ഓർത്തഡോക്സ് സഭാ മാധ്യമവിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്.
ഈ സമാന്തര ഭരണത്തെ ആശീർവദിക്കാൻ നിയമ മന്ത്രിയടക്കം 7 പേരാണ് സർക്കാർ ചെലവിൽ വിദേശത്തേക്ക് പോകുന്നത്.
ഭരണഘടനയോടുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ച് അധികാരമേറ്റവർ രാജ്യത്തെ നിയമത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഉന്നതമായ ജനാധിപത്യമൂല്യങ്ങളോടുള്ള അവഹേളനമായി മാത്രമേ കാണാൻ കഴിയൂ എന്നും സംസ്ഥാനത്തെ നിയമമന്ത്രി തന്നെ നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നുവെന്നത് ആശങ്കാജനകമാണ് എന്നും മാർ ദിയസ്കോറസ് പറഞ്ഞു.മതേതര രാജ്യത്ത് വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന ഈ പരസ്യ പ്രീണനം പൊതുസമൂഹം തിരിച്ചറിയും.
എറണാകുളത്തിന് പുറത്തുള്ള 13 ജില്ലകൾ കൂടി ചേരുന്നതാണ് കേരളമെന്ന് പ്രീണന രാഷ്ട്രീയ നേതൃത്വങ്ങൾ മറക്കരുത്.
സംസ്ഥാനസർക്കാരിന്റെ ധൂർത്തിനെതിരെ ദിവസേന പ്രതികരിക്കുന്നവരാണ് കേരളത്തിലെ പ്രതിപക്ഷം. തുച്ഛമായ വേതനത്തിന് വേണ്ടി തലസ്ഥാന നഗരിയിൽ ആശാ വർക്കർമാർ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നത് സർക്കാർ ധൂർത്ത് ഒഴിവാക്കണമെന്നാണ്. അങ്ങനെയെങ്കിൽ പൊതു ഖജനാവിലെ ജനങ്ങളുടെ പണമെടുത്ത് നിയമ വിരുദ്ധമായ ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർചെലവിൽ പ്രതിനിധികളെ വിദേശത്തേക്ക് അയക്കുന്നതിൽ പ്രതിപക്ഷത്തിന്റെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കേണ്ടതാണ്.
വെയിലേറ്റ് തളർന്ന ആശമാരുടെ തലയ്ക്ക് മുകളിലൂടെയല്ലേ വിമാനത്തിൽ യു.ഡി.എഫ് പ്രതിനിധികളടക്കം സ്വകാര്യചടങ്ങിന് പോകുന്നത്.
ജനങ്ങളുടെ നികുതിക്കാശ് ഇതിനായി വിനിയോഗിക്കുന്നതിനെ പ്രതിപക്ഷവും പിന്തുണയ്ക്കുന്നുണ്ടോ എന്നറിയാൻ സഭ ആഗ്രഹിക്കുന്നതായി മാർ ദിയസ്കോറസ് പറഞ്ഞു.
സഭയ്ക്ക് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാടാണ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ അത് മലങ്കര ഓർത്തഡോക്സ് സഭയുടെ ബലഹീനതയായി കാണരുതെന്ന് വിനീതമായി ഓർമ്മിപ്പിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവരും മാർ ദിയസ്കോറസിനൊപ്പം ഉണ്ടായിരുന്നു.
മലങ്കരസഭയിലെ സമാധാനത്തിന് വിള്ളൽ വീഴ്ത്തുന്ന നീക്കത്തിന് സർക്കാർ കുടപിടിക്കുന്നു: ഓർത്തഡോക്സ് സഭ
