സ്വന്തം ലേഖകൻ
കോട്ടയം : ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന ദേശാധിപത്യ ദേവതയായ പാമ്പാടി ചെറുവള്ളിക്കാവിലമ്മയുടെ ഐതിഹ്യകഥ നൃത്തനാടകരൂപത്തിൽ അരങ്ങത്തെത്തി. ഇന്നലെ ചെറുവള്ളിക്കാവിലെ തിരുവരങ്ങിൽ ‘ചെറുവള്ളിക്കാവിലമ്മ’ അവതരിപ്പിക്കപ്പെട്ടപ്പോൾ സാക്ഷാത്ക്കരിച്ചത് ഒരു ഗ്രാമത്തിലെ കലാസ്‌നേഹികളുടെ മാസങ്ങൾ നീണ്ടുനിന്ന കൂട്ടായ അധ്വാനം.
പാമ്പാടി 215-ാം നമ്പർ എൻഎസ്എസ് കരയോഗത്തിലേയും ചെറുവള്ളിക്കാവ് ദേവസ്വത്തിലേയും ഒരു കൂട്ടം കലാകാരന്മാർ ‘പാമ്പാടി ശ്രീഭദ്ര’ എന്ന ബാനറിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ മികവോടെയാണ് ചെറുവള്ളിക്കാവിലമ്മ നൃത്തനാടകം അവതരിപ്പിച്ചത്.
പാമ്പാടി ചെറുവള്ളിക്കാവിലെ ഉത്സവത്തിന്റെ ആറാം ദിനമായ ഇന്നലെയാണ് നൃത്തനാടകം അരങ്ങിലെത്തിയത്. വൻ ജനാവലിയാണ് ഇതിന് സാക്ഷ്യം വഹിക്കാൻ എത്തിയത്.
കുട്ടികൾ മുതൽ പ്രായംചെന്നവർ വരെ അരങ്ങിൽ സഭാകമ്പമില്ലാതെ കഥാപാത്രങ്ങൾക്ക് മിഴിവേകിയപ്പോൾ കലാസാധനയുടെ പൂർണതയാണ് കൈവന്നത്. പ്രൊഫഷണൽ സമിതികളുടെ അവതരണശൈലിയിൽ നിന്നും ഒട്ടും പിന്നാക്കം പോകാതെയായിരുന്നു അവതരണം.

ഇതിനാവശ്യമായ സാങ്കേതിക മികവോടുകൂടിയ ‘സെറ്റി’ടുന്നതിന് വന്ന ഭാരിച്ച സാമ്പത്തിക ചെലവുകളെല്ലാം ഭക്തർ തന്നെ കണ്ടെത്തുകയായിരുന്നു. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയാണ് ഈ കലാസപര്യയുടെ പൂർണതയ്ക്കായി ചെലവഴിക്കപ്പെട്ടത്.
അറയ്ക്കൽ കൊട്ടാരത്തിൽ കൊച്ചൻപിള്ളയെന്ന ദേവീഭക്തനൊപ്പം ചെറുവള്ളിൽദേവി കുടപ്പുറത്തേറി വന്നതും പിന്നീട് ക്ഷേത്രം പണിത് ചെറുവള്ളിക്കാവിലമ്മയായി പാമ്പാടി ദേശത്തിന്റെ അധിദേവതയായി മാറിയതുമാണ് നൃത്തനാടകത്തിന്റെ ഇതിവൃത്തം .
രണ്ടുമണിക്കൂറോളം നീണ്ട നൃത്തനാടകത്തിൽ കുംഭകുടം, തെയ്യം, നൃത്തം, പാട്ട് എന്നിവ ഉൾക്കൊള്ളിക്കപ്പെട്ടിരുന്നു. മുത്തശ്ശി കൊച്ചുമകളോട് കഥപറയുന്ന രീതിയിലായിരുന്നു ആഖ്യാനം.
പി.ആർ അജിത്കുമാർ ആണ് രചന നിർവഹിച്ചത്. കലാമണ്ഡലം സ്വപ്‌നനായർ, ബിജു മാധവ് എന്നിവരാണ് സംവിധാനം. എം.ജി അനിൽകുമാർ ആയിരുന്നു കോഡിനേറ്റർ. നർത്തകരടക്കം 32 പേരാണ് അരങ്ങത്തെത്തിയത്. പുതുമുഖങ്ങളായിരുന്നു അഭിനേതാക്കളെന്ന തിരിച്ചറിവ് നൽകാതെയുള്ള എല്ലാവരുടെയും അഭിനയത്തിന് കാണികൾ മുക്തകണ്ഠമായ പ്രശംസകളാണ് ചൊരാഞ്ഞിരിക്കുന്നത്.
എല്ലാവർക്കും ഭാരത് വിഷൻ ന്യൂസിന്റെ അഭിനന്ദനങ്ങൾ…..