പെണ്‍മക്കളും ഭാര്യയും കൂടി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്; മധ്യപ്രദേശിലെ 53 കാരന്റെ മരണം കൊലപാതകം?,

ഭോപ്പാല്‍: മധ്യപ്രദേശില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 53 കാരന്റെ മരണം കൊലപാതകമെന്ന് ആരോപണം. മധ്യപ്രദേശിലെ മൊറേന സ്വദേശി ഹരേന്ദ്ര മൗര്യയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഈ മാസം എട്ടിനാണ് സംഭവം. എന്നാല്‍ മരണത്തിന് പിന്നാലെ ഇയാളെ പെണ്‍മക്കളും ഭാര്യയും ചേര്‍ന്ന് വടികൊണ്ട് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തു വന്നു. ഇതോടെയാണ് 53 കാരനെ തല്ലിക്കൊന്നതാണെന്ന ആരോപണം ഉയര്‍ന്നത്.

ഹരേന്ദ്ര മൗര്യയുടെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ വ്യക്തത വരുമെന്ന് പൊലീസ് സൂചിപ്പിച്ചു. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഹരേന്ദ്ര മൗര്യയ്ക്കുള്ളത്. കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി ഇവരുടെ വീട്ടില്‍ നിത്യവും വഴക്ക് പതിവാണെന്ന് അയല്‍നാസികളും ബന്ധുക്കളും പറയുന്നു.

മാര്‍ച്ച് ഒന്നിനാണ് ഹരേന്ദ്ര മൗര്യ രണ്ടു പെണ്‍മക്കളുടെ വിവാഹം നടത്തിയത്. ഇതിനു പിന്നാലെ ഭാര്യ വേര്‍പിരിയാമെന്നും, താന്‍ തന്റെ പിതാവിന്റെ അടുത്തേക്ക് പോകുകയാണെന്നും പറഞ്ഞു. കുടുംബവഴക്കിനെത്തുടര്‍ന്ന് മൗര്യ അസ്വസ്ഥനായിരുന്നു. മാര്‍ച്ച് എട്ടിന് ഇദ്ദേഹം മുറിയില്‍ കയറി വാതിലടച്ചു. പിന്നീട് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഹരേന്ദ്ര മൗര്യ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അതേസമയം ഭാര്യവീട്ടുകാര്‍ ഇയാളുടെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് കഴിഞ്ഞമാസം ഒന്നിന് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന, ഹരേന്ദ്ര മൗര്യയെ പെണ്‍മക്കളും ഭാര്യയും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഭാര്യ കാലുകള്‍ കൂട്ടിപ്പിടിച്ചിരിക്കുന്നതും, പെണ്‍മക്കള്‍ വടി കൊണ്ട് മൗര്യയെ മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വേദന കൊണ്ട് പുളയുന്ന മൗര്യയെയും വീഡിയോയില്‍ കാണാം. ഇതിനിടെ മകന്‍ സഹോദരിമാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കുട്ടിയെ സഹോദരിമാര്‍ ഭീഷണിപ്പെടുത്തുന്നു. ഒടുവില്‍ കുതറി രക്ഷപ്പെടുന്ന മൗര്യയെ ഭാര്യ വീണ്ടും പിടികൂടുകയും പെണ്‍മക്കള്‍ വീണ്ടും മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. ഇതേത്തുടര്‍ന്നാണ് ഹരേന്ദ്രയുടെ മരണം കൊലപാതകമാകാമെന്നും, ഇയാള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യമുയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!