സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; നയരേഖയിന്മേലുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന വികസന നയരേഖയിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. ശനിയാഴ്ച ആറ് വനിതകള്‍ ഉള്‍പ്പെടെ 27 പേര്‍ വികസനരേഖയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലുള്ള സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നേക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട്, വയനാട് മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തും. നിലവിലെ കമ്മിറ്റിയില്‍ നിന്നും പ്രായം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കണക്കിലെടുത്ത് 25 പേരെങ്കിലും മാറിയേക്കുമെന്നാണ് സൂചന.

വൈകീട്ട് കാല്‍ലക്ഷം പേരുടെ റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയുമോടെയാണ് സമ്മേളനത്തിന് കൊടിയിറങ്ങുക. വൈകിട്ട് നാലിന് കൊല്ലം ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം ആരംഭിക്കും. പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!