തിരുവനന്തപുരം : സാർവദേശീയ വനിതാ ദിനത്തില്‍ ആശമാരോടൊപ്പം എന്ന സന്ദേശം ഉയർത്തി സെക്രട്ടേറിയറ്റ് പടിക്കല്‍ വനിതാസംഗമം
കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷനാണ് നാളെ പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന്റെ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന സംഗമത്തില്‍ പൊരുതുന്ന ആശ വർക്കർമാർക്കൊപ്പം വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ ഉന്നത സ്ത്രീ നേതാക്കളും വ്യക്തിത്വങ്ങളും വിദ്യാർത്ഥിനികളും അണിനിരക്കും.
തൊഴില്‍ അവകാശ പ്രക്ഷോഭം എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ആശ സമരത്തിന് പിന്തുണയുമായി ഇതിനോടകം നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. സാഹിത്യകാരി അരുന്ധതി റോയ്, കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ, ചലച്ചിത്രകാരി കനി കുസൃതി, ഡോ.ഖദീജ മുംതാസ്, ചലച്ചത്രകാരൻ ബിനു ദേവ്, പ്രൊഫ. ജി ഉഷാകുമാരി, ഡോ. എം എസ് സുനില്‍, പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതി, കവയിത്രി മായാവാസുദേവ് തുടങ്ങി നിരവധി പേർ വനിതാദിനത്തില്‍ പൊരുതുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീഡിയോ സന്ദേശങ്ങള്‍ അയച്ചിരുന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളിലും വിദ്യാർഥികളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ നടക്കുന്നുണ്ട്.