സൗത്ത് പാമ്പാടി : പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവത്തോടനുബന്ധിച്ച് ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ അറയ്ക്കൽ കൊട്ടാരത്തിൽ നിന്നുള്ള ദേശതാലപ്പൊലി ഇന്ന് നടക്കും.
ഉത്സവത്തിന്റെ ഭാഗമായി ഇതാദ്യമായാണ് ദേശ താലപ്പൊലി ചടങ്ങ് നടക്കുന്നത്. വൈകീട്ട് 5.30 – ന് അറയ്ക്കൽ കൊട്ടാരം മേൽശാന്തി ഓണിയ പുലത്ത് ഇല്ലത്ത് സജീവൻ നമ്പൂതിരി ദീപം തെളിയിക്കും. ഘോഷയാത്ര കൊല്ലംപറമ്പ്, കുന്നേൽ പറമ്പ്, പ്ലാത്തോട്ടം,ഓമല്ലൂപറമ്പ്, ആലുങ്കൽ പറമ്പ് വഴി ക്ഷേത്രത്തിൽ എത്തും.
ജാതി മതഭേദമെന്യേ നടക്കുന്ന താലപ്പൊലിചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങളാണ് അറയ്ക്കൽ കൊട്ടാര ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാലികമാരും സ്ത്രീകളും വ്രതാനുഷ്ഠാനത്തോടെ ഇതിൽ പങ്കെടുക്കും. ചെറുവള്ളിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് മൂലസ്ഥാനം സ്ഥിതി ചെയ്യുന്നത്.
ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൻ്റെ നാല് ദിക്കുകളിൽ നിന്നുമാണ് ഇത്തവണ ദേശ താലപ്പൊലി നടക്കുന്നത്. ഇതിൽ ആദ്യത്തേത് ആണ് അറയ്ക്കൽ കൊട്ടാരത്തിൽ നിന്നും നടക്കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് കെ.ശ്രീകുമാർ, സെക്രട്ടറി കെ ശശികുമാർ,വൈ.പ്രസി. കെ.ആർ. രാജൻ, പി. പ്രശാന്ത് എന്നിവർ പറഞ്ഞു.