ചങ്ങനാശ്ശേരി : കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ജനപ്രിയ മെമ്പറും നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിനെ വീട്ടിൽ കയറി സിപിഎമ്മുകാർ വധിക്കാൻ ശ്രമിച്ചതാണ് പരാതി.

സിപിഐ എം നേതാവും മന്ത്രി വി എൻ വാസവന്റ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. പത്മകുമാറിന്റെയും ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽകുമാറിന്റെയും നേതൃത്വത്തിൽ സിപിഐഎം ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ മഞ്ജീഷ് പറഞ്ഞു. ആക്രമണത്തിൽ ആർ എസ് എസ് ജില്ലാ കാര്യകർത്താവായ ജി. ശ്രീകുമാറിന് തലയിൽ വാള് കൊണ്ടുള്ള വെട്ടേറ്റു. മഞ്ജീഷിനെയും മനോജിനെയും കമ്പി വടി കൊണ്ടു മർദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇത്തിത്താനത്തെ കഞ്ചാവ് മാഫിയയുമായുള്ള സിപിഐഎം നേതൃത്വത്തിന്റെ അഭേദ്യമായ ബന്ധത്തെ തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ബിജെപി അഭിപ്രായപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സിപിഐഎം നേതാവ് നിഖിൽ ഉൾപ്പെടെ നൂറോളം ആളുകളാണ് ഈ ക്രിമിനൽ സംഘത്തിലുണ്ടായിരുന്നത്. സി പി ഐ എം നേതാവ് മുരളി സാറിനെതിരെ മത്സരിക്കാൻ നീ വളർന്നോ എന്നു ചോദിച്ചു കൊണ്ടായിരുന്നു ആക്രമണം ആരംഭിച്ചതെന്ന് മഞ്ജീഷ് പറയുന്നു.
