കാലടി : മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.
മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് സെബിയൂരിലെ ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തിയത്.
ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലൻ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്‌തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സംശയത്തിൻ്റെ പേരിൽ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപാതകം.
ചിത്രപ്രിയ അലനൊപ്പം പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ബൈക്കിൽ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സമീപ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളിൽ രക്തം പുരണ്ടിരുന്നു.
ഈ മാസം ആറ് മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് ഗ്രാമപ്രദേശമായ മുണ്ടങ്ങാമറ്റം.
മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
