ഷൈനി മരിക്കുന്നതിന് തലേന്ന് നോബി വാട്സ്‌ആപ്പില്‍ മെസേജ് അയച്ചു; നിര്‍ണായക മൊഴി, പ്രതി നോബിയുടെ ഫോണ്‍ കസ്റ്റഡിയില്‍

കോട്ടയം : ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ ഭർത്താവിന്‍റെ മൊഴി വിശദമായി പരിശോധിക്കാൻ പൊലീസ്.

തൊടുപുഴ സ്വദേശി നോബി ലൂക്കോസ് ആണ് ഏറ്റുമാനൂർ പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്സ്‌ആപ്പില്‍ മെസേജ് അയച്ചിരുന്നുവെന്നാണ് മൊഴി. നോബിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിലെ വീട്ടിലെത്തി നോബി ലൂക്കോസിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം ആണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഷൈനി മരിച്ചതിന് തലേന്ന് വാട്സാപ്പില്‍ മെസേജ് അയച്ചിരുന്നതായി പ്രതി നോബി മൊഴി നല്‍കി. ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്.

പ്രകോപനമരമായ രീതിയില്‍ എന്തെങ്കിലും മെസേജുണ്ടോ എന്ന് പ്രതി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. എന്ത് മെസ്സേജുകള്‍ ആണ് അയച്ചതെന്ന് കണ്ടെത്താൻ പൊലീസ് നോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. നിലവില്‍ വാട്സ്‌ആപ്പ് ചാറ്റുകള്‍ പൂർണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് റിക്കവറി ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഷൈനിയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുക്കും.

നിലവില്‍ ഷൈനിയുടെ ഫോണ്‍ പാർവലിക്കലിലെ വീട്ടിലുണ്ടെന്നാണ് വിവരം. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനക്കും അയക്കും. ഒമ്ബതു മാസം മുമ്പാണ് ഷൈനി നോബിയുടെ തൊടുപുഴയിലെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്. തൊടുപുഴയിലെ വീട്ടിലായിരുന്ന സമയത്ത് നോബി അതിക്രൂരമായി ഷൈനിയെ ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇരുവരുടെയും വിവാഹമോചനമായി ബന്ധപ്പെട്ട കേസും ഏറ്റുമാനൂർ കുടുംബ കോടതിയില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ കേസില്‍ നോബി മാത്രമാണ് പ്രതി. കുടുംബത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷന് സമീപം പാറോലിക്കല്‍ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നില്‍ ചാടി മരിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!