മൂന്നാം തവണയും തോല്‍ക്കും, കോണ്‍ഗ്രസിന്റെ പ്രതീക്ഷ കാറ്റില്‍പ്പറത്തി കനുഗൊലുവിന്റെ സര്‍വേ?

കൊച്ചി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ള കോണ്‍ഗ്രസിന്റെ ശ്രമം അപകടത്തിലാണെന്നും മൂന്നാം തവണയും പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു നടത്തിയ ആഭ്യന്തര സര്‍വേയില്‍ പറയുന്നതായി സൂചന. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാമത്തെ പരാജയത്തിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 2016ലേയും 2021ലേയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ, അധികാരം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് സര്‍വേ വലിയ തിരിച്ചടിയാകുമെന്നുമാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരകലഹങ്ങളും പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളും നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഗുണം ചെയ്യുന്നില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ പാര്‍ട്ടിക്ക് അധഃപതനം സംഭവിച്ചുകഴിഞ്ഞുവെന്ന് കനുഗൊലു സര്‍വേയില്‍ പറയുന്നു. അതുകൊണ്ട് തന്നെ 2031ലെ തെരഞ്ഞെടുപ്പിലേയ്ക്കാണ് കനുഗൊലു ലക്ഷ്യം വെക്കുന്നതെന്ന് വൃത്തങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസ് കനുഗൊലുവിന്റെ സര്‍വേ വളരെ ആധികാരികമായിട്ടാണ് എടുക്കാറുള്ളതെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇതെങ്ങനെ എടുക്കുമെന്ന് കണ്ടറിയണമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ജോര്‍ജ് പൊടിപ്പാറ പറയുന്നു. പൊതുവില്‍ കേരളത്തില്‍ ഭരണ വിരുദ്ധ വികാരമുണ്ട്. പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍, മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തര്‍ക്കം, ശശി തരൂരിന്റെ സ്റ്റാര്‍ട്ട് അപ്പ് പ്രസ്താവന, ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് നടത്തിയ ചര്‍ച്ചകളുമെല്ലാം പാര്‍ട്ടിക്കകത്തും യുഡിഎഫിനകത്തും ഐക്യമില്ലെന്ന് തെളിയിക്കുന്നതാണ്. കോണ്‍ഗ്രസിനകത്ത് നേതൃതര്‍ക്കമുണ്ട്. ശശി തരൂര്‍ നേതൃദാരിദ്ര്യമുണ്ടെന്ന് പറയുന്നു. ഈ വക കാര്യങ്ങളെല്ലാം വെച്ച് നോക്കുമ്പോള്‍ ഒരു പക്ഷേ, കനുഗൊലുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് പറ്റാനുള്ളത് സംഭവിച്ചു കഴിഞ്ഞുവെന്നും ജോര്‍ജ് പൊടിപ്പാറ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെങ്കില്‍ ആദ്യം വേണ്ടത് സംഘടനാ സംവിധാനം മെച്ചപ്പെടുത്തുകയെന്നുള്ളതാണെന്നും ഈ തെരഞ്ഞെടുപ്പ് തോറ്റാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ ഇല്ലാതാകുമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി പറയുന്നു. ഇപ്പോള്‍ തന്നെ മുഖം രക്ഷിക്കാന്‍ കഴിയുന്നത് ലീഗെന്ന പാര്‍ട്ടി കൂടെയുള്ളതുകൊണ്ടാണ്. അവര്‍ മലബാറില്‍ നേടിയെടുക്കുന്ന സീറ്റ് തന്നെയാണ് രക്ഷയാകുന്നത്. തെക്കന്‍ കേരളത്തിലെ മുസ്ലീം വോട്ടുകളും മലബാറിലെ വിദ്യാസമ്പരായിട്ടുള്ളവരില്‍ നിന്നുള്ള മുസ്ലീം വോട്ടുകളും സിറിയന്‍ ക്രിസ്ത്യന്‍ വോട്ടുകളുമൊന്നും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ഫക്രുദ്ദീന്‍ അലി പറയുന്നു.

2026ലെ കേരളം, അസം തെരഞ്ഞെടുപ്പുകളുടെ തന്ത്രങ്ങളുടെ ചുമതലയാണു കനുഗോലുവിനെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏല്‍പിച്ചിരിക്കുന്നത്. ജനങ്ങളുടെ പള്‍സ് അറിഞ്ഞ് തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ നടത്താനാണ് കനുഗൊലുവിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ചുമതല. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള നൂതന മാര്‍ഗങ്ങള്‍ക്കു കനുഗൊലുവും സംഘവും രൂപം നല്‍കും. കനുഗൊലുവിന്റെ ടീമിനു പുറമേ ഏതാനും ഏജന്‍സികളെ കൂടി സര്‍വേക്കായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷാവസാനമുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സര്‍വേയാണ് മറ്റ് ഏജന്‍സികള്‍ പ്രധാനമായും നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!