‘കാസ’ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു; ബിജെപി സഖ്യകക്ഷിയാവും

കൊച്ചി : ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കേരളത്തില്‍ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് കാസയുടെ അവകാശവാദം.

‘വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ഞങ്ങളുടെ ശ്രമം. അത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി ഞങ്ങള്‍ പഠനങ്ങള്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്’- കെവിന്‍ പീറ്റര്‍ പറഞ്ഞു. കെവിന്‍ അടക്കം ആറുപേര്‍ ചേര്‍ന്ന് 2018ലാണ് കാസയ്ക്ക് രൂപം നല്‍കിയത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു.

ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ലവ് ജിഹാദ്, മുത്തലാഖ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ലവ് ജിഹാദിന്റെ ഇരയാണ് താന്‍ എന്നും കെവിന്‍ പീറ്റര്‍ പറയുന്നു. തന്റെ ഒരേയൊരു മകള്‍ മുസ്ലീം യുവാവിനെ കല്യാണം കഴിക്കുന്നതിന് വേണ്ടി 2016ല്‍ വീട് വിട്ടുപോയി. അതിന് ശേഷം മകളെ കുറിച്ച് ഒന്നും കേട്ടിട്ടില്ലെന്നും കെവിന്‍ പീറ്റര്‍ പറയുന്നു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു ക്രിസ്ത്യന്‍ പാര്‍ട്ടിയായി കാസ കണക്കാക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടതായി വിശ്വസിക്കുന്നു. കേരള കോണ്‍ഗ്രസ് നിലവില്‍ ദുര്‍ബലമാണ്. ഇതിന്റെ ഭാവി പ്രതീക്ഷ നല്‍കുന്നതല്ല. പഴയ പ്രതാപം കേരള കോണ്‍ഗ്രസ് വീണ്ടെടുക്കുമെന്ന് കരുതുന്നില്ലെന്നും കെവിന്‍ പറഞ്ഞു. ഇവിടെയാണ് കാസ രൂപീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സാധ്യത. ഈ വിടവ് പതുക്കെ നികത്താന്‍ കാസ രൂപീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ ധാരണ അനുസരിച്ച് കാസ ഒരു സ്വതന്ത്ര സംവിധാനമായി തുടരും. എന്നാല്‍ പുതിയ പാര്‍ട്ടി ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകമായി നിലക്കൊള്ളും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസ ദേശീയതയ്ക്ക് വേണ്ടി നിലക്കൊള്ളുന്നവരെ പിന്തുണയ്ക്കും. അത് സ്വതന്ത്രരാകാം, രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാവാം. ഇവര്‍ ദേശീയതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് അനുകൂലമായ സമീപനം കാസ സ്വീകരിക്കും. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ആലോചിക്കുന്നതെന്നും കെവിന്‍ പീറ്റര്‍ പറഞ്ഞു.

മുന്‍പ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ സഭകള്‍ സ്വീകരിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വിശ്വാസികളുടെ ചിന്തയില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ബിജെപിയെയും ബിജെപിയുടെ സഖ്യകക്ഷികളെയും പിന്തുണയ്ക്കുക എന്ന തുറന്ന സമീപനമാണ് സ്വീകരിച്ച് വരുന്നതെന്നും കെവിന്‍ പീറ്റര്‍ പറഞ്ഞു.

തങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന സ്ഥാാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കാസ സംഘടനയുടെ മറ്റൊരു പ്രതിനിധി പറഞ്ഞു. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ആത്യന്തികമായി തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളില്‍ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. മൊത്തം 22,000 അംഗങ്ങളുണ്ടെന്നും കെവിന്‍ പറയുന്നു. കൂടുതലും മധ്യ കേരളത്തിലും മലബാര്‍ മേഖലയിലുമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കും. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ ഉള്ളത് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന മുറയ്ക്ക് തന്നെ ഈ കമ്മിറ്റികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നതിന് അധികം സമയം വേണ്ടിവരില്ലെന്ന് മറ്റൊരു കാസ പ്രതിനിധി പറഞ്ഞു. ആഗോള തലത്തില്‍ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്രാപിക്കുകയാണ്. ജര്‍മ്മനിയും അമേരിക്കയും ഇതിന് ഉദാഹരണമാണ്. ഇവിടെയും അത്തരത്തിലുള്ള രാഷ്ട്രീയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡ, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ ഇടങ്ങളിലും കാസയ്ക്ക് യൂണിറ്റ് ഉണ്ട്. മലയാളികളാണ് ഈ യൂണിറ്റുകളിലെ അംഗങ്ങള്‍. ദേശീയതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്ന ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കാസയുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!